Connect with us

Alappuzha

പോലീസ് സ്റ്റേഷനുകളില്‍ തോക്കേന്തിയ പാറാവുകാര്‍ തിരിച്ചുവരുന്നു

Published

|

Last Updated

ആലപ്പുഴ: പോലീസ് സ്റ്റേഷനുകളിലെ പാറാവ് ഡ്യൂട്ടിക്ക് തോക്കേന്തിയ പോലീസുകാര്‍ തിരിച്ച് വരുന്നു. സംസ്ഥാനത്ത് ജനസൗഹൃദ പോലീസ് സംവിധാനം നിലവില്‍ വന്നതോടെ എടുത്തുകളഞ്ഞ തോക്കേന്തിയ പോലീസിന്റെ കാവല്‍നില്‍പ്പാണ് മാവോയിസ്റ്റ് ഭീഷണി ശക്തമായതോടെ തിരികെ കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പ് നിര്‍ബന്ധിതമായിരിക്കുന്നത്.

ബ്രിട്ടീഷ് രാജിന്റെ ഭാഗമായി തുടര്‍ന്നു വന്ന തോക്കേന്തിയ പാറാവ് ഡ്യൂട്ടി, പോലീസ് സ്റ്റേഷനുകള്‍ക്ക് ഭീകര മുഖം നല്‍കിപ്പോന്നതായും പോലീസും ജനങ്ങളും തമ്മില്‍ സൗഹൃദാന്തരീക്ഷം നിലനില്‍ക്കാന്‍ ആയുധമേന്തിയ പാറാവുകാരന്‍ വേണ്ടെന്നും വെച്ചത് സംസ്ഥാനത്ത് ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ സജീവമായതോടെയാണ്. 2006 നവംബറില്‍ ആഭ്യന്തര വകുപ്പ് സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിലെ പാറാവ് ജോലിനോക്കുന്ന പോലീസുകാരില്‍ നിന്ന് തോക്ക് പിന്‍വലിച്ചു. പകരം ജനങ്ങളെ കൂടുതല്‍ പോലീസുമായി സൗഹൃദത്തിലാക്കുന്നതിനുള്ള ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെയുള്ള സ്വീകരണ സംവിധാനങ്ങളൊരുക്കുകയായിരുന്നു.
പോലീസ് സ്‌റ്റേഷനുകളില്‍ കൂടുതല്‍ മനുഷ്യത്വപരവും സൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇത് ഏറെ സഹായമാകുകയും ചെയ്‌തെന്ന കണക്കുകൂട്ടലിലായിരുന്നു ആഭ്യന്തര വകുപ്പ്. അതേസമയം, സമീപകാല മാവോയിസ്റ്റ് ഭീഷണികള്‍ കണക്കിലെടുത്ത്, ദേശീയപാതയോരങ്ങളിലെയും മാവോയിസ്റ്റ് ഭീഷണി ഏറെയുള്ള പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകളില്‍ പാറാവ് ഡ്യൂട്ടിക്ക് തോക്ക് പുനഃസ്ഥാപിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, മാവേലിക്കര പ്രദേശങ്ങളില്‍ പോലീസ് സ്‌റ്റേഷനുകളില്‍ ഇതിനകം തന്നെ പാറാവ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് തോക്ക് നിര്‍ബന്ധമാക്കിക്കഴിഞ്ഞു. പിസ്റ്റളുകള്‍ക്ക് പകരം ഇപ്പോള്‍ 303 റൈഫിളുകളാണ് പാറാവുകാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതാകട്ടെ, കാര്യമായ പരിശീലനം ലഭിക്കാതെ വനിതാ പോലീസ് ഓഫീസര്‍മാരും മറ്റും കൈകാര്യം ചെയ്യുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുമെന്ന ആക്ഷേപമുണ്ട്. റൈഫിള്‍ ഉപയോഗിക്കാനുള്ള പരിശീലനത്തിന്റെ അഭാവം മൂലം മാവോയിസ്റ്റ് ആക്രമണ സമയത്ത് അതില്‍ വെടിയുണ്ടകള്‍ നിറക്കാന്‍ കഴിയാതെ വരുന്നത് കൂടുതല്‍ സങ്കീര്‍ണതകള്‍ക്കിടയാക്കും. ആക്രമണ സന്നദ്ധരായെത്തുന്ന മാവോയിസ്റ്റുകള്‍ക്ക് മുന്നില്‍ പ്രവര്‍ത്തിപ്പിക്കാനറിയാത്ത റൈഫിളുമായി നില്‍ക്കുന്ന പാറാവുകാര്‍ക്ക് അടിയറവ് പറയേണ്ടി വരുമെന്ന് പോലീസുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. വനിതാ പോലീസുകാരടക്കം ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്കുള്ള പോലീസ് ഓഫീസര്‍മാരിലധികവും പിസ്റ്റള്‍ ക്യാബ് മാത്രം ഫലപ്രദമായി ഉപയോഗിക്കാന്‍ പരിശീലനം നേടിയിട്ടുള്ളവരാണ്.ഇവരുടെ കൈകളിലേക്ക് കാര്യമായ പരിശീലനം ലഭിച്ചിട്ടില്ലാത്ത 303 റൈഫിളുകള്‍ ഏല്‍പ്പിച്ചുകൊടുക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ അപകടകരമാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.പാറാവ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് റൈഫിളുകള്‍ നല്‍കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പ് പുനഃപരിശോധിക്കണമെന്നാണ് പൊതുവേ പോലീസുകാരുടെ അഭിപ്രായം. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബേങ്കിന്റെ സഹായത്തോടെയുളള പോലീസ് ആധുനികവത്കരണത്തിന്റെ ഭാഗമായി പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് നീക്കം ചെയ്ത ആയുധങ്ങള്‍, അത്യാധുനികതയോടെ തിരികെ വരുമ്പോള്‍ ഏറ്റവുമധികം ഭയക്കുന്നതും പോലീസുകാര്‍ തന്നെയാണ്.

---- facebook comment plugin here -----

Latest