Connect with us

Gulf

സാമൂഹിക മാധ്യമങ്ങള്‍ക്ക് ഒരു ഉച്ചകോടി

Published

|

Last Updated

അറബ് ലോകത്ത് സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ചുള്ള, രണ്ടു ദിവസത്തെ ഉച്ചകോടി ഇന്ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കുകയാണ്. വാട്‌സ് ആപ്പ്, യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിങ്ങനെയുള്ള ആശയ വിനിമയോപാധികള്‍ വിദേശികളെയും ഏറെ ചിന്തിപ്പിക്കുന്ന സാഹചര്യത്തില്‍ മലയാളികള്‍ക്കിടയിലും ഉച്ചകോടിക്ക് ഏറെ പ്രസക്തിയുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ മനുഷ്യരുടെ ദൈനംദിന വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാണോ, സാമ്പ്രദായിക മാധ്യമങ്ങളുടെ കാലം അസ്തമിച്ചോ തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട്, ഏവരിലും കൗതുകമുണര്‍ത്തിയിരിക്കുന്നു ഉച്ചകോടി. അറബ് ലോകത്ത് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ 25 ശതമാനം അരമണിക്കൂറെങ്കിലും അതില്‍ അഭിരമിക്കുന്നവരാണ്. നാലുമണിക്കൂറിലേറെ ചെലവു ചെയ്യുന്നവര്‍ അഞ്ചുശതമാനം. യു എ ഇയില്‍ കൂടുതല്‍ പേര്‍ ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നു. സഊദി അറേബ്യയില്‍ വാട്‌സ് ആപ്പിനാണ് പ്രിയം.
ലോകത്ത് സാമ്പ്രദായിക മാധ്യമങ്ങള്‍ കോര്‍പറേറ്റുകളുടെ കൈയിലാണ്. കോര്‍പറേറ്റുകളും ഭരണകൂടവുമാണ് വാര്‍ത്തകളുടെ അജണ്ട നിശ്ചയിക്കുന്നത്. ജനങ്ങള്‍ എന്തൊക്കെ ചര്‍ച്ച ചെയ്യണമെന്ന് അവര്‍ തീരുമാനിക്കുന്നു. ഉദാഹരണത്തിന്, കേരളത്തില്‍, മന്ത്രി കെ എം മാണിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളാണോ, നിയമസഭയില്‍ നടന്ന ആക്രമണങ്ങളാണോ കൂടുതലായി ചര്‍ച്ച ചെയ്യേണ്ടത് എന്ന് സാമ്പ്രദായിക മാധ്യമങ്ങള്‍ ജനങ്ങളുടെ മേല്‍ തീരുമാനം അടിച്ചേല്‍പിക്കുന്നു. ഇതിന്റെ വിപരീതാവസ്ഥയാണ് സാമൂഹിക മാധ്യമങ്ങളില്‍. സംഭവങ്ങളെ പല കോണുകളില്‍ നിന്ന് നോക്കിക്കാണുന്നവര്‍ക്കാണ് സാമൂഹിക മാധ്യമങ്ങളില്‍ മുന്‍തൂക്കം. ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആ ബഹുസ്വരതയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. അത് സാമൂഹിക മാധ്യമങ്ങളുടെ ശക്തിയാണ്. അതേസമയം, സാമൂഹിക വിരുദ്ധര്‍ ആ പൊതുജന വേദിയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നുമുണ്ട്. അവര്‍, പക്ഷെ ഒറ്റപ്പെട്ടുപോവുകയാണ്. ഗള്‍ഫ് മലയാളികളെ സംബന്ധിച്ചിടത്തോളം സമീപകാലത്ത് ഏറ്റവും സ്വാധീനിച്ച മാധ്യമങ്ങളാണ് ഫെയ്‌സ്ബുക്കും വാട്‌സ് ആപ്പും. വിവരങ്ങള്‍ കൈമാറാനും ആശയാവിഷ്‌കാരം നടത്താനും മനോരഞ്ജകങ്ങള്‍ ആസ്വദിക്കാനും ഒക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. മിക്ക താമസകേന്ദ്രങ്ങളിലും ഇടതടവില്ലാതെ ഇന്റര്‍നെറ്റിന് “വൈഫൈ” സൗകര്യമുണ്ട്. പുലര്‍ച്ചെവരെ “യൂട്യൂബ്” കണ്ടിരിക്കുന്നവര്‍ കുറവല്ല.
വാട്ട്‌സ് ആപ്പില്‍ സൗജന്യമായി ഫോണ്‍ ചെയ്യാം എന്ന് വന്നപ്പോള്‍ വന്‍ പ്രതികരണമാണ് ഉണ്ടായത്. ലക്ഷക്കണക്കിനാളുകള്‍ വാട്‌സ് ആപ്പിന്റെ പുതിയ രൂപം ഡൗണ്‍ലോഡ് ചെയ്തു. ടെലികോം കമ്പനികള്‍ വരുമാനത്തിന് പുതിയ വഴികള്‍ തേടേണ്ടിവരുമെന്ന ചര്‍ച്ചയായി.
സാമൂഹിക മാധ്യമങ്ങളില്‍ വിവരങ്ങള്‍ അറിയിക്കുമ്പോഴും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോഴും സാമാന്യ മര്യാദ പാലിക്കുന്നില്ലെന്നതാണ് അപകടകരം. കൈവീശുമ്പോള്‍ മറ്റുള്ളവരുടെ ദേഹത്ത് തട്ടരുതെന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ബാധകം. എന്നാല്‍ ചിലര്‍ ലക്കും ലഗാനുമില്ലാതെ ആരെക്കുറിച്ചും എന്തും എഴുതിവിടുന്നുണ്ട്. രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിക്കുമ്പോള്‍പോലും അതിരുകടക്കാന്‍ പാടില്ലാത്തതാണ്. “ജമീലയുടെ ലീലകള്‍” പോലുള്ള പ്രയോഗങ്ങള്‍ ഒരു മാധ്യമവും നടത്താന്‍ പാടില്ലാത്തതാണ്. സാമ്പ്രദായിക മാധ്യമത്തിന്റെ അനുരണനം ആയിപ്പോലും.

Latest