Connect with us

Kozhikode

കുറ്റിയാടി ജലസേചന പദ്ധതികനാല്‍ ശുചീകരണം അവസാന ഘട്ടത്തില്‍

Published

|

Last Updated

നരിക്കുനി: കുറ്റിയാടി ജലസേചന പദ്ധതിയുടെ ഭാഗമായ കക്കോടി ബ്രാഞ്ച് കനാലിലും ഫാല്‍ഡ് ബോത്തികളിലും ശുചീകരണം അവസാനഘട്ടത്തിലേക്ക്.
തൊഴിലുറപ്പ് പദ്ധതിയിലൂടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് കനാല്‍ ശുചീകരണം നടക്കുന്നത്. ചേളന്നൂര്‍ എട്ടേരണ്ടില്‍ കനാല്‍ സൈഫണിന്റെ ഔട്ട്‌ലെറ്റ് പൊട്ടിയത് കാരണം ചേളന്നൂര്‍, കുരുവട്ടൂര്‍, കക്കോടി പഞ്ചായത്തുകളില്‍ കനാല്‍ വെള്ളം എത്തിയിട്ടില്ല. കനാല്‍ സൈഫണ്‍ പൊട്ടിയ ഭാഗത്ത് ജലസേചന വകുപ്പിന്റെ 15 ലക്ഷം രൂപ ഉപയോഗിച്ചുള്ള നവീകരണ പ്രവൃത്തി പുരോഗമിക്കുകയാണ്. ഈ മാസം അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് കനാല്‍ വെള്ളം തുറന്ന് വിടാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
കനാല്‍ വെള്ളം തുറന്ന് വിടുന്നതിന്റെ മുന്നോടിയായാണ് ശുചീകരണം. ചില ഭാഗങ്ങളില്‍ കനാല്‍ വിഭാഗം തന്നെ ശുചീകരണം നടത്തിയിരുന്നു. സാധാരണ മെയിന്‍കനാല്‍ തുറക്കുന്നതിന് മുമ്പ് ജനുവരിയില്‍ തന്നെ കനാല്‍ ശുചീകരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ പ്രാവശ്യം നടന്നിരുന്നില്ല. കലക്ടറുടെയും ജനപ്രതിനിധികളുടെയും ഇടപെടലാണ് ഇപ്പോഴെങ്കിലും കനാല്‍ ശുചീകരിക്കാന്‍ സാഹചര്യമൊരുക്കിയത്. കക്കോടിയിലെ ഫീല്‍ഡ് ബോത്തിയില്‍ ശുചീകരണപ്രവൃത്തികള്‍ എ കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

Latest