മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘം ഒളിവില്‍

Posted on: March 17, 2015 5:37 am | Last updated: March 17, 2015 at 12:37 am
SHARE

തൊടുപുഴ: മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലിസ് കേസ്. ചെപ്പുകുളം പെരുമ്പള്ളിയില്‍ വര്‍ക്കി മാത്യുവിന്റെ പരാതിയെത്തുടര്‍ന്നാണ് കരിമണ്ണൂര്‍ പോലിസ് കേസെടുത്തിരിക്കുന്നത്. ഉപ്പുതറ കരിന്തരുവിയില്‍ മാത്യുവും കണ്ടാലറിയാവുന്ന മറ്റ് മൂന്നു പേര്‍ക്കെതിരെയുമാണ് കേസ്. സംഭവത്തെക്കുറിച്ച് കരിമണ്ണൂര്‍ പോലിസ് പറയുന്നതിങ്ങനെ: പരാതിക്കാരനായ മാത്യുവിന്റെ അമ്മാവന്‍ സൈമണുമായി മുഖ്യപ്രതി പണം ഇടപാട് നടത്തിയിരുന്നു.
സൈമണെ നാട്ടില്‍ നിന്നും കാണാതായതോടെ ചെപ്പുകുളത്ത് താമസിക്കുന്ന വര്‍ക്കി മാത്യുവിനെ പ്രതികള്‍ ജീപ്പില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകന്റെ പരാതിയെത്തുടര്‍ന്ന് കരിമണ്ണൂര്‍ പോലിസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പ്രതികള്‍ വര്‍ക്കിയെ പട്ടയംകവലയില്‍ ഉപേക്ഷിച്ച് രക്ഷപെട്ടു. പ്രതികള്‍ക്കായി തെരച്ചില്‍ നടന്നു വരുന്നു.