Connect with us

Kerala

ഉന്നത വിദ്യാഭ്യാസം: മോഹ വാഗ്ദാനങ്ങളുമായി ഏജന്റുമാര്‍

Published

|

Last Updated

വണ്ടൂര്‍: എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ തുടങ്ങിയതോടെ തുടര്‍പഠനത്തിന് മോഹനവാഗ്ദാനങ്ങള്‍ നല്‍കി വിദ്യാഭ്യാസ മാഫിയ ഏജന്റുമാര്‍ പ്രവര്‍ത്തനം തുടങ്ങി. തുടര്‍ പഠന സാധ്യതകളെ കുറിച്ചുള്ള നോട്ടീസുകള്‍ തയ്യാറാക്കി സ്‌കൂള്‍ പരിസരങ്ങളിലും മറ്റുമായി വിതരണം സജീവമായിട്ടുണ്ട്. പ്ലസ് ടു കഴിയുന്ന വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് കൂടുതല്‍ പ്രചാരണം നടക്കുന്നത്. സംസ്ഥാനത്തും അന്യസംസ്ഥാനത്തുമായി പ്രഫഷനല്‍ കോഴ്‌സുകള്‍ കുറഞ്ഞ നിരക്കില്‍ വാഗ്ദാനം ചെയ്താണ് വിദ്യാഭ്യാസ ഏജന്റുമാര്‍ സജീവമാകുന്നത്. മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്‌സുകളിലേക്കാണ് ഇവയില്‍ കൂടുതലും. ഇത്തരത്തില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കുന്ന ഏജന്റുമാര്‍ക്ക് പതിനായിരം മുതല്‍ ലക്ഷം വരെയാണ് കമ്മീഷന്‍ ഇനത്തില്‍ ലഭിക്കുന്നതെന്നറിയുന്നു. തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഏത് പ്രഫഷനല്‍ കോഴ്‌സുകളിലും ചേരാന്‍ നിരധി ഇടനില സ്ഥാപനങ്ങള്‍ രംഗത്തുണ്ട്. ചില കോഴ്‌സുകളുടെ ഫീസ് നിരക്കും ചില നോട്ടീസുകളില്‍ നല്‍കിയിട്ടുണ്ട്. പതിനഞ്ച് ലക്ഷം രൂപവരെയാണ് എം ബി ബി എസ് കോഴ്‌സിന് നല്‍കിയിട്ടുള്ളത്. മെഡിക്കല്‍, ദന്തല്‍, ആയുര്‍വേദം, ഹോമിയോ, എന്‍ജിനീയറിംഗ് തുടങ്ങി എല്ലാത്തരം പ്രഫഷനല്‍ കോഴ്‌സുകളിലും പ്രവേശനം നല്‍കുമെന്നാണ് കോഴിക്കോട് ഒരു സ്ഥാപനം പുറത്തിറക്കിയ ബ്രോഷറില്‍ നല്‍കിയിട്ടുള്ളത്. ഗുണ നിലവാര കുറവുമൂലം നിലവില്‍ വിദ്യാര്‍ഥികള്‍ കുറവുള്ള സ്വാശ്രയ സ്ഥാപനങ്ങളും വന്‍ വാഗ്ദാനങ്ങളാണ് വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അന്യ സംസ്ഥാനങ്ങളിലെ നിരവധി സ്ഥാപനങ്ങളില്‍ പ്രഫഷനല്‍ കോഴ്‌സുകളില്‍ ചേര്‍ന്ന് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ തട്ടിപ്പിനിരയായ നിരവധി പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.ഏജന്റുമാരുടെ വാക്കുകള്‍ വിശ്വസിച്ച് കോഴ്‌സിന് ചേര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണ് പലരും സ്ഥാപനത്തിന്റെ അംഗീകാരമില്ലാത്ത പ്രശ്‌നവും മറ്റും തിരിച്ചറിയപ്പെട്ടത്. ബെംഗളൂരു, മംഗലാപുരം, കോയമ്പത്തൂര്‍, ഈറോഡ്, സേലം, മൈസൂര്‍, ചെന്നൈ, ബെല്‍ഗാം തുടങ്ങിയ അയല്‍ സംസ്ഥാന പ്രദേശങ്ങളില്‍ ഗുണനിരവാരമില്ലാത്ത സ്വാശ്രയ കോളജുകള്‍ നിരവധിയുണ്ട്. പല കോളജുകളിലും മതിയായ യോഗ്യതയുള്ള അധ്യാപകരില്ലാത്ത പ്രശ്‌നമുണ്ട്. സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് വിശദമായി പരിശോധിച്ചും പഠനം നടത്തിയ വിദ്യാര്‍ഥികളില്‍ നിന്ന് വിവരം ശേഖരിച്ചും ഒരു പരിധിവരെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാമെന്ന് അന്യ സംസ്ഥാനങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ പറയുന്നു.

Latest