Connect with us

International

അസദുമായി കൂടിക്കാഴ്ച: കെറിയെ വിമര്‍ശിച്ച് തുര്‍ക്കി

Published

|

Last Updated

അങ്കോള : സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ബശാറുല്‍അസദുമായി ചര്‍ച്ച നടത്തണമെന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ അഭിപ്രായത്തെ വിമര്‍ശിച്ചുകൊണ്ട് തുര്‍ക്കി രംഗത്ത്. 2011 മാര്‍ച്ചില്‍ സിറിയയിലുണ്ടായ കലാപത്തിനും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കും കാരണം അസദ് സര്‍ക്കാറാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മിവ്‌ലറ്റ് കേവ്‌സോഗു ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അനറ്റോലിയയോട് പറഞ്ഞു. എന്താണ് അസദുമായി ചര്‍ച്ചചെയ്യേണ്ടതെന്നും കമ്പോഡിയന്‍ സന്ദര്‍ശനശേഷം സംസാരിക്കവെ കേവ്‌സോഗു ചോദിച്ചു. രാസായുധങ്ങളുപയോഗിച്ച് രണ്ട് ലക്ഷത്തോളം പേരെ കൊന്നൊടുക്കിയ ഭരണകൂടവുമായി നിങ്ങള്‍ എന്ത് ചര്‍ച്ചയാണ് നടത്താന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. സിറിയയില്‍ എല്ലാ പാര്‍ട്ടികളും ആവശ്യപ്പെടുന്നത് രാഷ്ട്രീയ പരിവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ സര്‍ക്കാര്‍ രാസായുധമുപയോഗിച്ചതായി നിരന്തരം ആരോപണമുയരുന്നുണ്ട്. 2013ല്‍ അന്താരാഷ്ട്ര കരാര്‍പ്രകാരം സിറിയയിലെ രാസായുധങ്ങള്‍ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തതിനുശേഷവും ഈ ആരോപണം നിലനില്‍ക്കുന്നുണ്ട്. സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അസദുമായി തങ്ങള്‍ ചര്‍ച്ച നടത്തുമെന്ന് കെറി കഴിഞ്ഞ ആഴ്ച സമ്മതിച്ചിരുന്നു. എന്നാല്‍ സി ബി എസിനു നല്‍കിയ അഭിമുഖത്തില്‍ അസദുമായി ചര്‍ച്ച നടത്തുമെന്ന് വ്യക്തമായി പറഞ്ഞിരുന്നില്ലെന്നും അമേരിക്ക ഒരിക്കലും സിറിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തില്ലെന്നും അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വക്താവ് പിന്നീട് വ്യക്തമാക്കി.