Connect with us

Gulf

ബുര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ നിന്നു പറന്നിറങ്ങി 'ദര്‍ശന്‍' ചരിത്രമെഴുതി

Published

|

Last Updated

ദുബൈ; “ദര്‍ശന്‍” ബുര്‍ജ് ഖലീഫയില്‍ നിന്നു റെക്കോര്‍ഡ് നേട്ടത്തിനായി പറന്നിറങ്ങി. ഇന്നലെയായിരുന്നു മുതുകില്‍ പ്രത്യേക ക്യാമറ ഘടിപ്പിച്ച ദര്‍ശന്‍ എന്ന പരുത്ത് ബുര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ നിന്നു പറന്നിറങ്ങിയത്. ഏറ്റവും വലിയ മനുഷ്യനിര്‍മിത ഗോപുരത്തിന് മുകളില്‍ നിന്ന് ക്യാമറയുമായി പറന്നിറങ്ങുന്ന പരുന്തെന്ന ലോക റെക്കോഡ് സ്വന്തമാക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായായിരുന്നു ഈ വേറിട്ട പ്രകടനം. ദുബൈ മീഡിയ ഓഫീസ്, ദുബൈ കിരീടാവകാശിയുടെ ഓഫീസ് എന്നിവയുടെ സഹകരണത്തോടെ ഫ്രീഡം കണ്‍സര്‍വേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ക്യാമറ ഘടിപ്പിച്ച പരുന്തിനെ പറത്തി ദുബൈ നഗരത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്ന യജ്ഞത്തിന് തുടക്കമിട്ടത്. പരീക്ഷണാര്‍ഥം കഴിഞ്ഞ ദിവസം ബുര്‍ജ് അല്‍ അറബിന്റെ ഉച്ചിയില്‍ നിന്നു ദര്‍ശനെ താഴോട്ട് പറത്തിയിരുന്നു. അന്ന് അതിന്റെ മുഖ്യ രക്ഷകര്‍തൃത്വം വഹിച്ച ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ഇതിലും വലിയ അത്ഭുതത്തിന് നമുക്ക് 15ന് സാക്ഷിയാവാമെന്ന് വ്യക്തമാക്കിയിരുന്നു.

വംശനാശ ഭീഷണി നേരിടുന്ന ജന്തുജാലങ്ങളിലേക്ക് പൊതുജന ശ്രദ്ധയാകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. 829 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫക്ക് മുകളില്‍ തന്റെ പരിശീലകന്റെ ആജ്ഞയും കാത്ത് ചിറക് കുടഞ്ഞ് തയ്യാറെടുക്കുന്ന ദര്‍ശന്റെ ചിത്രം ഈ കാഴ്ചയുടെ വീഡിയോ കണ്ടവരാരും മറക്കില്ല. പരുന്തിന്റെ കാഴ്ച എത്രമാത്രം മികവുറ്റതാണെന്നും ഇതില്‍ നിന്നു ഏവര്‍ക്കും ബോധ്യപ്പെടും. പരിശീലകന്റെ നിര്‍ദ്ദേശം ലഭിച്ച ഉടന്‍ താഴോട്ട് കുതിച്ച ദര്‍ശന്‍ നിരവധി തവണ ബുര്‍ജ് ഖലീഫയെ വലംവെച്ചാണ് പരിശീലകനായ ജാക്വസ് ഒലീവിയര്‍ ട്രാവേഴ്‌സിന്റെ കൈകളില്‍ വന്നിരുന്ന് ചരിത്രമെഴുതിയത്. ചുറ്റും കൂടി നിന്ന നൂറു കണക്കിന് മാധ്യമപ്രവര്‍ത്തകരുടെയും ക്യാമറകണ്ണുകളുടെയും നടുവിലേക്കായിരുന്നു യാതൊരു സങ്കോചവുമില്ലാതെ ദര്‍ശന്‍ വന്നണഞ്ഞത്. പ്രത്യേകം തയ്യാറാക്കിയ ക്യാമറയാണ് ഉപയോഗപ്പെടുത്തിയത്. പരുന്തിന്റെ ചലനങ്ങള്‍ക്കും വേഗതക്കുമൊപ്പം നില്‍ക്കാന്‍ തക്കതാണിത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ദര്‍ശന്റെ വേഗം.
ദര്‍ശന്റെ പ്രകടനത്തില്‍ ഏറെ അഭിമാനിക്കുന്നതായി ജാക്വസ് പ്രതികരിച്ചു. ഇന്നത്തെ ദിനം മറക്കാനാവില്ല, കണക്കുകൂട്ടിയതില്‍ നിന്നു ഒരു അണുപോലും വ്യതിചലിക്കാതെയാണ് ദര്‍ശനം ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുന്നത്. വീഡിയോ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണുന്ന ഒരാള്‍ക്ക് ഒരു പ്രാപ്പിടിയന്‍ ഇത്രയും മികച്ച ക്യാമറക്കാഴ്ച ഒരിക്കലും പകര്‍ത്താന്‍ ഇടയില്ലെന്ന് സമ്മതിക്കും തീര്‍ച്ച. എപ്പോഴാണ് പറക്കേണ്ടതെന്നും ഏത് ദിശയില്‍ വേണമെന്നുമെല്ലാം ഞാന്‍ ദര്‍ശന് താഴെ നിന്നു നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളോടുള്ള പ്രതിബദ്ധതയാണ് ഇത്തരം ഒരു മഹത്തായ സംരംഭവുമായി സഹകരിക്കാന്‍ ദുബൈ മീഡിയ ഓഫീസിനെ പ്രേരിപ്പിച്ചതെന്ന് സീനിയര്‍ മാനേജര്‍ നൂറ യൂസുഫ് അല്‍ മന്‍സൂരി വ്യക്തമാക്കി. ദുബൈ രാജ്യാന്തര നഗരമാണ്. ബുര്‍ജ് ഖലീഫ രാജ്യാന്തര ഖ്യാതിയുള്ള കെട്ടിടവുമാണെന്നും അവര്‍ ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് പരുന്തുകളെന്നും അല്‍ മന്‍സൂരി പറഞ്ഞു.
300 ഗ്രാം തൂക്കമുള്ള സോണി ആക്ഷന്‍ ക്യാം മിനിയായിരുന്നു ദര്‍ശന്റെ മുതുകില്‍ ഘടിപ്പിച്ചത്. ബി ബി സി ഉള്‍പെടെയുള്ള രാജ്യാന്തര ചാനലുകള്‍ ദൃശ്യം തല്‍സമയം പകര്‍ത്താന്‍ ദര്‍ശന്‍ പറന്നിറങ്ങുന്നതിന് സമീപം നേരത്തെ സ്ഥാനം പിടിച്ചിരുന്നു. വെള്ള വാലുള്ള ദര്‍ശന്‍ എന്ന പരുന്തായിരിക്കും ക്യാമറയും വഹിച്ചുകൊണ്ട് ബുര്‍ജ് ഖലീഫക്ക് മുകളില്‍ നിന്ന് പറന്നിറങ്ങുകയെന്ന് ഫ്രീഡം കണ്‍സര്‍വേഷന്റെ സ്ഥാപകരിലൊരാളാളുകൂടിയായ ജാക്വസ് ഒളീവിയര്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
42 ദിവസത്തെ തയ്യാറെടുപ്പുകളാണ് റെക്കോഡ് ഉദ്യമത്തിന് മുന്നോടിയായി നടത്തിയതെന്ന് ക്രൗണ്‍ പ്രിന്‍സ് ഓഫീസിലെ മുഹമ്മദ് അല്‍ മുഹൈരി ചൂണ്ടിക്കാട്ടിയിരുന്നു. പലതരത്തിലുള്ള വെല്ലുവിളികള്‍ നിറഞ്ഞതാണിത്. എല്ലാതരത്തിലുള്ള സാധ്യതകളും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. പരിപാടിയുടെ തത്സമയ പ്രദര്‍ശനത്തിന്‍ സൗകര്യമൊരുക്കും. രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ക്ക് പുറമെ ദുബൈ മാളില്‍ സ്ഥാപിക്കുന്ന കൂറ്റന്‍ സ്‌ക്രീന്‍ വഴിയും ദൃശ്യങ്ങള്‍ തത്സമയം പൊതുജനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.