Connect with us

Kerala

അരുവിക്കര ആവശ്യപ്പെട്ട് ആര്‍ എസ് പി; ഷിബുബേബിജോണിന് അതൃപ്തി

Published

|

Last Updated

കൊല്ലം: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പായതോടെ യു ഡി എഫില്‍ സമ്മര്‍ദ്ദം ചെലുത്തി മണ്ഡലം നേടിയെടുക്കാന്‍ ആര്‍ എസ് പി നീക്കം തുടങ്ങി. ഇടത് മുന്നണിയില്‍ തുടരുമ്പോള്‍ ആര്‍ എസ് പി മത്സരിച്ച് വന്നിരുന്ന സീറ്റാണ് അരുവിക്കര. തങ്ങള്‍ പരമ്പരാഗതമായി മത്സരിക്കുന്ന തിരുവന്തപുരത്തെ ഏക നിയമസഭാ സീറ്റാണ് അരുവിക്കരയെന്നും ഇത് വിട്ട് കൊടുക്കുന്നത് രാഷ്ട്രീയപരമായി ദോഷം ചെയ്യുമെന്നുമാണ് ആര്‍ എസ് പിയിലെ ബഹുഭൂരിപക്ഷം നേതാക്കളുടെയും നിലപാട്. ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് എം എല്‍ എയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വി പി രാമകൃഷ്ണപിള്ളയും അരുവിക്കര നിയമ സഭാ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. പാര്‍ട്ടിയുടെ മറ്റൊരു എം എല്‍ എയായ കോവൂര്‍കുഞ്ഞുമോനും ഇതേ ആവശ്യം ഇന്നലെ ഉന്നയിച്ചു. കൊല്ലം ലോക്‌സഭാ സീറ്റ് പോലെ തങ്ങള്‍ക്ക് അരുവിക്കരയും അവകാശപ്പെട്ടതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ യു ഡി എഫില്‍ ഇപ്പോള്‍ അത്തരം ഒരു ആവശ്യം ഉന്നയിക്കുന്നതിനോട് പൂര്‍ണമായും യോജിക്കുന്നതല്ല മന്ത്രി ഷിബുബേബിജോണിന്റെയും കൂട്ടരുടെയും നിലപാട്. കോണ്‍ഗ്രസ് ഒരിക്കലും അരുവിക്കര സീറ്റ് വിട്ട് തരാന്‍ സാധ്യതതയില്ലെന്നും അതുകൊണ്ട് തന്നെ ഈ ആവശ്യം ഉന്നയിക്കുന്നത് മുന്നണി ബന്ധം വഷളാകാനെ ഉപരിക്കുവെന്നാണ് മന്ത്രിയുടെയും കൂട്ടരുടെയും പക്ഷം. അതേസമയം 17ന് ചേരുന്ന പാര്‍ട്ടിയുടെ നേതൃയോഗം ഇത് സംബന്ധിച്ച വിശദമായ ചര്‍ച്ച നടത്തിയ ശേഷം ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കും. എന്നാല്‍ അരുവിക്കര നിയമസഭാ സീറ്റ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ചോദിക്കാനാണ് ആര്‍ എസ് പി നേതാക്കളുടെ നീക്കം. പാര്‍ട്ടി നേരത്തെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വഹിച്ചിട്ടുണ്ടെന്നും ഇത് കണക്കിലെടുത്ത് ഒഴിവ് വന്ന സ്ഥാനം തങ്ങള്‍ക്ക് നല്‍കണമെന്നുമാണ് നേതാക്കള്‍ പറയുന്നത്. കൂടാതെ ഷിബുബേബിജോണിന്റെ ആര്‍ എസ് പി – ബിക്ക് ഒരു എം എല്‍ എ മാത്രം ഉണ്ടായിരുന്നപ്പോള്‍ മന്ത്രി സ്ഥാനം നല്‍കിയെന്നും ഇപ്പോള്‍ പാര്‍ട്ടിക്ക് മൂന്ന് എം എല്‍ എമാര്‍ ഉണ്ടെന്നും അതുകൊണ്ട് തന്നെ ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതാണെന്നുമാണ് ഇടത് മുന്നണി വിട്ട് വന്ന ആര്‍ എസ് പി നേതാക്കളുടെ അഭിപ്രായം. ഗണേഷ്‌കുമാര്‍ കൂടീ മുന്നണി വിട്ട സാഹചര്യത്തില്‍ മൂന്ന് എം എല്‍ എ മാരുള്ള തങ്ങളുടെ ആവശ്യത്തെ യു ഡി എഫ് അവഗണിക്കില്ലെന്ന കണക്ക് കൂട്ടലിലാണ് അരുവിക്കര നിയമസഭാ സീറ്റും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ആവശ്യപ്പെടാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ അരുവിക്കര സീറ്റ് വിട്ട്‌കൊടുക്കുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വത്തിന് യോജിപ്പില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പൊതുവെ ഇടത് അനുകൂല മണ്ഡലമായ അരുവിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്നതിനേക്കാള്‍ നല്ലത് ആര്‍ എസ് പിക്ക് വിട്ട്‌കൊടുക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെടുന്നവരും കോണ്‍ഗ്രസിലുണ്ട്. അരുവിക്കരയില്‍ പരാജയം നേരിടേണ്ടിവന്നാല്‍ അത് ആര്‍ എസ് പിയുടെ മാത്രം പരാജയമായി കണക്കാക്കപ്പെടുമെന്നുമാണ് ചിലകോണ്‍ഗ്രസ് നേതാക്കളുടെ നിരീക്ഷണം. അതേ സമയം ഇടത് മുന്നണി വിട്ട് യു ഡി എഫിലെത്തിയ ആര്‍ എസ് പി നേതാക്കള്‍ മുന്നണിയില്‍ പൂര്‍ണ തൃപ്തരല്ല. യു ഡി എഫ് സര്‍ക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ മൗനം പാലിക്കേണ്ടിവരുന്നതില്‍ അണികള്‍ക്കിടയിലുള്ള അമര്‍ഷവും മുന്നണിയില്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതുമാണ് നേതാക്കളെ അലട്ടുന്നത്.

Latest