ഭൂമിയേറ്റെടുക്കല്‍ ബില്‍: നിതീഷ് കുമാര്‍ നിരാഹാരമിരുന്നു

Posted on: March 15, 2015 10:56 am | Last updated: March 15, 2015 at 10:56 am
SHARE

nitishപാറ്റ്‌ന: പാര്‍ട്ടി അനുയായികളുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ ഉപവാസസമരം ആരംഭിച്ചു. ഗാന്ധിയന്‍ രീതിയില്‍ 24 മണിക്കൂര്‍ നിണ്ടുനില്‍ക്കുന്ന സത്യാഗ്രഹ സമരം ഇന്ന് രാവിലെ അവസാനിക്കും.
തന്റെ നിത്യ യോഗയും കുളിയും കഴിഞ്ഞാണ് രാവിലെ നിതീഷ് ഉപവാസമനുഷ്ഠിക്കുന്നതിനായി പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. നിതീഷിനൊപ്പം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വസിഷ്ഠ നാരായണ്‍ സിംഗും ഉപവാസം നടത്തുന്നുണ്ട്. ഭൂമിയേറ്റെടുക്കല്‍ ഭേദഗതി നിയമം കൊണ്ടുവരുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകവിരുദ്ധരും കോര്‍പറേറ്റ് സഹകാരികളുമാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. സത്യഗ്രഹം സംഘടിപ്പിക്കുന്നത് ജനങ്ങളുടെ ശക്തി ബോധ്യപ്പെടുത്താനാണ്. സമരം ഇനിയും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിതീഷ് കുമാര്‍ നേരത്തെയും മോദി സര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. അന്നാ ഹസാരെ നടത്തുന്ന സമരത്തിന് നിതീഷും ജെ ഡി യുവും പിന്തുണ നല്‍കിയിരുന്നു. മുതിര്‍ന്ന മന്ത്രി വിജയ് ചൗധരി, മന്ത്രിമാരായ ശ്യാം രാജക്, രാജീവ് രാജന്‍ സിംഗ്, ജെ ഡി യു. എം പി അലി അന്‍വര്‍, ഗുലാം റസൂല്‍ ബാലിയാവി, മുതിര്‍ന്ന പാര്‍ട്ടി നേതാവ് സഞ്ജയ് ജഹ തുടങ്ങിയവര്‍ നിതീഷിന്റെ ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരത്തില്‍ പങ്കെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി ജനപ്രതിനിധികളും സംസ്ഥാനത്തുടനീളം ബില്ലിനെതിരെ ഉപവാസ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു.