Connect with us

National

മോദി ജാഫ്‌നയില്‍; ഭവനരഹിതര്‍ക്ക് വീടുകള്‍ കൈമാറി

Published

|

Last Updated

കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ജാഫ്‌നയില്‍ തമിഴ് വംശജര്‍ക്ക് ഇന്ത്യ നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു. 5000 വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ വീടുകളാണ് പ്രധാനമന്ത്രി ഭവനരഹിതര്‍ക്ക് കൈമാറിയത്. ലങ്കയില്‍ നടന്ന ആഭ്യന്തര സംഘര്‍ഷത്തിനിടെ അഭയാര്‍ഥികളായി മാറിയവര്‍ക്കാണ് വീട് നല്‍കുന്നത്. 1987ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സന്ദര്‍ശിച്ച ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഔദ്യോഗികമായി ശ്രീലങ്കയിലെത്തിയത്.
എല്‍ ടി ടി ഇയുടെ ശക്തി കേന്ദ്രമായ രാജ്യത്തിന്റെ വടക്കന്‍ മേഖല ആഭ്യന്തര സംഘര്‍ഷത്തിന് ശേഷം സന്ദര്‍ശിക്കുന്ന രണ്ടാമത്തെ രാഷ്ട്രത്തലവനുമാണ് അദ്ദേഹം. നേരത്തേ ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജാഫ്‌ന സന്ദര്‍ച്ചിരുന്നു. ജാഫ്‌ന സാംസ്‌കാരിക കേന്ദ്രത്തിന് മോദി തറക്കല്ലിട്ടു. വടക്കന്‍ പ്രവിശ്യാ മുഖ്യമന്ത്രി സി വി വിഘ്‌നേശ്വരനുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തതായി വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു. നേരത്തേ മോദി അനുരാധപുര സന്ദര്‍ശിച്ചിരുന്നു. ബുദ്ധമത കേന്ദ്രമായ അനുരാധപുരയിലെ മഹാബോധി വൃക്ഷച്ചുവട്ടില്‍ അദ്ദേഹം പ്രാര്‍ഥന നടത്തി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ഒപ്പമുണ്ടായിരുന്നു.
തലൈമന്നാറില്‍ നിന്ന് മേദവാച്ചിയയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് മോദി ഫഌഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ സഹായത്തോടെയാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.