Connect with us

National

കാശ്മീരിന്റെ പതാകയും സര്‍ക്കുലറും: വിവാദം അറിവില്ലായ്മ കൊണ്ടെന്ന് ഭരണഘടനാ വിദഗ്ധന്‍

Published

|

Last Updated

ശ്രീനഗര്‍: സംസ്ഥാനത്തിന്റെ പതാകയെ ആദരിക്കണമെന്ന് സര്‍ക്കുലിറക്കകുയും വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തതിനെ പരിഹസിച്ച് ഭരണഘടനാ, നിയമ വിദഗ്ധന്‍. സംസ്ഥാനത്തെ പ്രശസ്ത അഭിഭാഷകനും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപ്രശ്‌നങ്ങള്‍ കൈകാര്യവും ചെയ്യുന്ന സഫര്‍ ഷായാണ് രംഗത്തെത്തിയത്. സംസ്ഥാന പതാകയെ ചുറ്റിപ്പറ്റിയുള്ള മുഴുവന്‍ വിവാദവും തെറ്റിദ്ധാരണ കൊണ്ടും അറിവില്ലായ്മ കൊണ്ടുമാണ്. അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി, മന്ത്രിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍ അടക്കമുള്ള മുഴുവന്‍ ഭരണഘടനാ അതോറിറ്റികളും ഓഫീസുകളും ജമ്മു കാശ്മീരിന്റെ ഭരണഘടന അനുസരിച്ചാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സംസ്ഥാന ഭരണഘടനയില്‍ പതാകക്ക് ഉന്നത സ്ഥാനം നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അധികാര കേന്ദ്രങ്ങളും വ്യക്തികളും ഓഫീസുകളും പതാകയെ ആദരിക്കല്‍ അനിവാര്യമാണ്. അതുകൊണ്ടുതന്നെ സംസ്ഥാന പതാകയുടെ പദവിയെ പരിഷ്‌കരിക്കാനോ പിന്‍വലിക്കാനോ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സാധിക്കുകയില്ല. പതാകയുടെ ഭരണഘടനാ പദവി എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ പിന്‍വലിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ അജ്ഞതയാണ്. സഫര്‍ ഷാ ചൂണ്ടിക്കാട്ടി.
സംസ്ഥാന പതാകക്ക് തികഞ്ഞ ആദരവ് കല്‍പ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇറക്കിയ സര്‍ക്കുലര്‍ വിവാദത്തെ തുടര്‍ന്ന് വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സ്വന്തം ഭരണഘടനയും പതാകയും ഉള്ള ഏക സംസ്ഥാനം ജമ്മു കാശ്മീരാണ്. ദേശീയ പതാകക്കൊപ്പം സംസ്ഥാന പതാകയും ഉയര്‍ത്താറുണ്ട്. ഭരണഘടനാ പദവി വഹിക്കുന്നവര്‍ ഔദ്യോഗിക വാഹനങ്ങളിലും ഓഫീസുകളിലും കെട്ടിടങ്ങളിലും സംസ്ഥാന പതാക വെക്കണമെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. സര്‍ക്കുലര്‍ പിന്‍വലിച്ചത് വലിയ വിവാദമായിരുന്നു. ആര്‍ എസ് എസിന്റെയും ശിവസേനയുടെയും സമ്മര്‍ദത്തിന് വഴങ്ങുകയാണ് മുഫ്തി മുഹമ്മദ് സഈദ് സഖ്യ സര്‍ക്കാര്‍ ചെയ്തതെന്ന് പല പാര്‍ട്ടികളും വിമര്‍ശിച്ചു. കാശ്മീരിനുള്ള പ്രത്യേക പദവിയുടെ വ്യക്തമായ ചിഹ്നത്തിന്റെ പരിശുദ്ധി പോലും കാത്തുസൂക്ഷിക്കാന്‍ മുഫ്തി സഈദിന് സാധിക്കുന്നില്ല. അഫ്‌സ്പയിലും 370 ാം വകുപ്പിലും നമുക്ക് ഒന്നും പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞിരുന്നു.