യൂറോപ ലീഗ് പ്രീക്വാര്‍ട്ടര്‍: എവര്‍ട്ടന്‍, സെവിയ്യ ജയിച്ചു, ഇന്ററിന് തോല്‍വി

Posted on: March 14, 2015 9:48 am | Last updated: March 14, 2015 at 9:48 am
SHARE

2695DEE000000578-0-image-a-8_1426199241845പാരിസ്: യൂറോപ ലീഗ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ എവര്‍ട്ടന്‍, സെവിയ്യ, വോള്‍സ്ബര്‍ഗ് ടീമുകള്‍ക്ക് ജയം. അതേ സമയം, ഇന്റര്‍മിലാന്‍, അയാക്‌സ് ടീമുകള്‍ പരാജയപ്പെട്ടു.
ഹോംഗ്രൗണ്ടിലെ ആദ്യ പാദത്തില്‍ എവര്‍ട്ടന്‍ 2-1ന് ഡിനാമോ കീവിനെയാണ് വീഴ്ത്തിയത്. എണ്‍പത്തിരണ്ടാം മിനുട്ടില്‍ റൊമേലു ലുകാകുവാണ് വിജയഗോള്‍ നേടിയത്. ഇത് പെനാല്‍റ്റിയിലൂടെയായിരുന്നു. പതിനാലാം മിനുട്ടില്‍ ഗുസെവിന്റെ ഗോളില്‍ ഡിനാമോയാണ് ലീഡെടുത്തത്.
എതിര്‍തട്ടകത്തില്‍ നിര്‍ണായകമായ എവേ ഗോള്‍ നേടിയെടുത്തതിന്റെ ആത്മവിശ്വാസത്തിലായി ഡിനാമോയുടെ കളി. എന്നാല്‍, അധികം നീണ്ടില്ല ഈ സന്തോഷം. മുപ്പത്തൊമ്പതാം മിനുട്ടില്‍ നെയ്‌സ്മിതിന്റെ ഗോളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ഒപ്പം പിടിച്ചു. ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലുവിന്റെ മികവ് തന്നെയാണ് ഈ ഗോളിലും കണ്ടത്. സ്‌കോട്ടിഷ് സ്‌ട്രൈക്കര്‍ സ്റ്റീവന്‍ നെയ്‌സ്മിത്തിന് പന്ത് വലക്കുള്ളിലേക്ക് തട്ടിക്കൊടുക്കേണ്ടതേയുണ്ടായുള്ളൂ. ഡാനിലോ സില്‍വ പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു എട്ട് മിനുട്ട് ശേഷിക്കെ എവര്‍ട്ടന് പെനാല്‍റ്റി ലഭിച്ചത്. ഇത് ലുകാകു അനായാസം ലക്ഷ്യത്തിലെത്തിച്ചു. യൂറോപ്പില്‍ എവര്‍ട്ടന് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരമായും ലുകാകു മാറി. ഏഴ് ഗോളുകളാണ് ലുകാകുവിന്റെ എക്കൗണ്ടില്‍. ആഭ്യന്തര ഫുട്‌ബോളില്‍ തപ്പിത്തടയുമ്പോഴും റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ എവര്‍ട്ടണ്‍ യൂറോപ്പില്‍ കരുത്തറിയിക്കുകയാണ്.
സ്പാനിഷ് ടീമുകളുടെ പോരില്‍ വിയ്യാറയലിനെ 1-3നാണ് സെവിയ്യ കെട്ടുകെട്ടിച്ചത്. റഷ്യന്‍ ക്ലബ്ബ് സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് 2-0ന് ടൊറിനോയെയും ക്ലബ്ബ് ബ്രുഗി 2-1ന് ബെസിക്താസിനെയും തോല്‍പ്പിച്ചു. അയാക്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയത് നിപ്രോയാണ്. വോള്‍സ്ബര്‍ഗിന്റെ തട്ടകത്തില്‍ 3-1നായിരുന്നു ഇന്റര്‍ തകര്‍ന്നു പോയത്. റോമയും ഫിയോറന്റീനയും 1-1ന് പിരിഞ്ഞു. നാപോളി 3-1ന് ഡിനാമോ മോസ്‌കോയെ കീഴടക്കി.