Connect with us

National

പാക്കധീന കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന് ആര്‍ എസ് എസ് മുഖപത്രം

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പ്രദേശം പാക്കിസ്ഥാന്റെ ഭാഗമാണെന്ന് ചിത്രീകരിച്ച മാപ്പ് പ്രസിദ്ധീകരിച്ച് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ പുലിവാല് പിടിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് തങ്ങളുടെതോ സംഘിന്റെയോ നിലപാടല്ലെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കി. പ്രതിപക്ഷം വിഷയം രാജ്യസഭയില്‍ ഉന്നയിക്കുകയായിരുന്നു.
സഭ മേളിച്ചപ്പോള്‍ തന്നെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് വിഷയം ഉന്നയിച്ചത്. പാക്കധീന കാശ്മീര്‍, പാക്കിസ്ഥാന്റെ പ്രദേശമായാണ് ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കിരീടമാണ് ജമ്മു കാശ്മീര്‍. കിരീടം നിലനിര്‍ത്താന്‍ നിരവധി പേര്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്. ഏതെങ്കിലും വിദേശ മാസിക പാക്കധീനകാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന് ചിത്രീകരിച്ചാല്‍ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ എപ്പോഴും ആര്‍ എസ് എസും ബി ജെ പിയുമുണ്ടാകും. ഓര്‍ഗനൈസറിന്റെ ഈ ചെയ്തിയെ സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോയെന്ന് അറിയണമെന്നുണ്ട്. ഗുലാം നബി ആസാദ് ആരാഞ്ഞു.
ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഓര്‍ഗനൈസറിലെ ലേഖനത്തെ സംബന്ധിച്ച് അന്വേഷിക്കുമെന്നും ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. ഇത് ബി ജെ പിയുടെയോ സംഘിന്റെയോ സര്‍ക്കാറിന്റെയോ നിലപാടല്ല. അദ്ദേഹം പറഞ്ഞു. അതേസമയം ഈ പ്രതികരണം കൊണ്ട് കോണ്‍ഗ്രസ് പിന്‍മാറിയില്ല. ലേഖകനെതിരെ എന്ത് നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുകയെന്നത് അറിയണമെന്നുണ്ടെന്ന് കോണ്‍ഗ്രസിന്റെ എസ് ചതുര്‍ദേവി പറഞ്ഞു. മന്ത്രി പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ചൂണ്ടിക്കാട്ടി. അതിനിടെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സകിഉര്‍റഹ്മാന്‍ ലഖ്‌വിക്ക് പാക് കോടതി ജാമ്യം നല്‍കിയത് ചില അംഗങ്ങള്‍ ഉന്നയിച്ചു. ഇത് ഇന്ത്യയുടെ വിദേശനയത്തിന്റെ പരാജയമാണെന്ന് പ്രമോദ് തിവാരി അഭിപ്രായപ്പെട്ടു. ഈ വിഷയം ഉന്നയിച്ചതിന് നോട്ടീസ് നല്‍കണമെന്ന് കുര്യന്‍ നിര്‍ദേശം നല്‍കി. ഈ വിഷയം അടുത്ത പ്രവൃത്തി ദിനം ഉന്നയിക്കാമന്ന് കുര്യന്‍ നിര്‍ദേശിച്ചു. കേരള നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെയുണ്ടായ പ്രക്ഷുബ്ധാവസ്ഥയെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന സി പി എമ്മിന്റെ കെ എന്‍ ബാലഗോപാല്‍ കൊണ്ടുവന്ന നോട്ടീസ് കുര്യന്‍ അനുവദിച്ചില്ല. കേരളമാകട്ടെ മറ്റേതെങ്കിലും സംസ്ഥാനമാകട്ടെ നിയമസഭാ നടപടികളെ സംബന്ധിച്ച് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാനാകില്ല. അദ്ദേഹം റൂളിംഗ് നല്‍കി.

Latest