ഗോവധ നിരോധം: മാടുകളെ കൊണ്ടുവരുന്നത് തടയല്‍ നിര്‍ത്തണം

Posted on: March 13, 2015 5:58 am | Last updated: March 12, 2015 at 11:58 pm
SHARE

കൊച്ചി: ഗോവധ നിരോധത്തിന്റെ പേരില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മാടുകളെ കൊണ്ടുവരുന്നത് ആര്‍ എസ് എസ്, ശിവസേന പ്രവര്‍ത്തകര്‍ തടയുന്നതായി പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ പല സ്ഥലങ്ങളില്‍ വെച്ചും മാടുകളുമായി വരുന്ന ലോറികള്‍ ആര്‍ എസ് എസ്, ശിവസേന പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്ന സാമൂഹിക വിരുദ്ധര്‍ തടയുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തി മര്‍ദിക്കുകയും ചെയ്തതായി കേരള മീറ്റ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ലോഡിന് പതിനായിരം രൂപ വെച്ച് നിര്‍ബന്ധമായി വാങ്ങിയതായും അവര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പലപ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.
ഗോവധത്തിന്റെ പേരില്‍ സാമൂഹിക വിരുദ്ധര്‍ തൊഴിലാളികളെയും വ്യവസായികളെയും കൊള്ളയടിക്കുന്നത് നിര്‍ത്തുന്നില്ലെങ്കില്‍ ഇറച്ചി തൊഴിലാളികളും വ്യാപാരികളും പ്രത്യക്ഷസമരമാരംഭിക്കും. സംസ്ഥാനത്ത് പത്തു ലക്ഷത്തിലധികം പേരാണ് ഇറച്ചിവ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ തൊഴിലാളികളെ പട്ടിണിയിലേക്കു നയിക്കുന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണണമെന്നും അവര്‍ ആവശ്യപ്പെട്ടു.