Connect with us

Kerala

കാര്‍ഷിക മേഖലയില്‍ തിരിച്ചടി; ധനസ്ഥിതി പരുങ്ങലില്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി പരുങ്ങലിലാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. കാര്‍ഷിക മേഖലയുടെ വളര്‍ച്ച -2.88 ശതമാനമായി കുറഞ്ഞതായും ഇന്നലെ നിയമസഭയുടെ മേശപ്പുറത്തു വെച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊതുകടം മുന്‍ വര്‍ഷത്തേക്കാള്‍ 14.92 ശതമാനം വര്‍ധിച്ച് 119009.07 കോടി രൂപയിലെത്തി. അതേസമയം, 2013-14 സാമ്പത്തിക വര്‍ഷം വരുമാനത്തിന്റെ വളര്‍ച്ചാനിരക്കില്‍ 6.27 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
കണക്കാക്കപ്പെട്ട വരുമാനം നേടാന്‍ കഴിയാത്തതിനാല്‍ റവന്യൂ ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. 2012-13ല്‍ മൊത്തം സംസ്ഥാന ആഭ്യന്തരോത്പാദനത്തിന്റെ 2.68 ശതമാനമായിരുന്ന റവന്യൂ കമ്മി 2013-14 ല്‍ 2.81 ശതമാനമായി വര്‍ധിച്ചു. അതേസമയം, ധനകമ്മി തൊട്ടുമുന്‍വര്‍ഷത്തെ 4.29 ശതമാനത്തില്‍ നിന്ന് 4.2 ശതമാനമായി കുറഞ്ഞു. നികുതിയിലുണ്ടായ കുറവും കേന്ദ്ര വിഹിതത്തിലുണ്ടായ കുറവും നികുതി വരുമാനത്തില്‍ ക്രമാതീതമായ ഇടിവ് രേഖപ്പെടുത്തി. സാമൂഹികവും വികസനപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വര്‍ധിച്ച ചെലവും സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാക്കി. റബ്ബറിന്റെ നികുതി അടിത്തറയിലുണ്ടായ കുറവ് സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.
2013-14 ല്‍ ആകെ കൃഷിയിറക്കിയിട്ടുള്ള 26.1 ലക്ഷം ഹെക്ടറില്‍ 10.32 ശതനമാനം സ്ഥലത്ത് മാത്രമാണ് ഭക്ഷ്യവിളകള്‍ കൃഷി ചെയ്തത്. നെല്ലുത്പാദനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 56,026 ടണ്ണിന്റെ വര്‍ധനയുണ്ടായെങ്കിലും അത് ഉത്പാദനക്ഷമത കൂടിയതുകൊണ്ടാണെന്നും വൃസ്തൃതി കൂടിയതുകൊണ്ടല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. നാളികേര കൃഷി വിസ്തൃതിയിലും ഉത്പാദനത്തിലും വര്‍ധനയുണ്ടായെങ്കിലും ഉത്പാദനക്ഷമത കുറഞ്ഞു.
പ്രവാസി നിക്ഷേപം 2014 മാര്‍ച്ചില്‍ 93,883 കോടിയായിരുന്നത് ജൂണ്‍ അവസാനത്തോടെ 94,097 കോടിയായെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.