പ്രവാസി കളിക്കാര്‍ക്ക് ആവേശം പകരാന്‍ മലയാളി ഫുട്‌ബോള്‍ താരങ്ങള്‍ ഷാര്‍ജയിലെത്തും

Posted on: March 12, 2015 8:00 pm | Last updated: March 12, 2015 at 8:37 pm
SHARE

ഷാര്‍ജ: പ്രവാസി കളിക്കാര്‍ക്ക് കളിയില്‍ പ്രോത്സാഹനവും ആവേശവും നല്‍കാന്‍ പ്രമുഖ മലയാളി ഫുട്‌ബോള്‍ താരങ്ങള്‍ ഷാര്‍ജയിലെത്തും.

കേരളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി, മുന്‍ കേരളാ ഗോള്‍ കീപ്പര്‍ നെല്‍സണ്‍ എന്നിവരാണ് എത്തുന്നത്. ഇവരോടൊപ്പം മുന്‍ സന്തോഷ് ട്രോഫി താരം എം നജീബ്, മുന്‍ ടൈറ്റാനിയം ക്യാപ്റ്റന്‍ സുമന്‍ എന്നിവരും ചേരും. ഇരുവരും ദുബൈയിലുണ്ട്.
പ്രോത്സാഹനത്തിന്റെ ഭാഗമായി ഇവര്‍ അണിനിരക്കുന്ന പ്രദര്‍ശന ഫുട്‌ബോള്‍ മത്സരം അരങ്ങേറും. ഈ മാസം 13ന് ഉച്ചക്ക് രണ്ട് മണിക്ക് ഷാര്‍ജ എമിറേറ്റ്‌സ് റോഡിലെ അല്‍ തിക്ക ക്ലബ് ഫോര്‍ ഹാന്റിക്യാപ്പ്ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ടീമുകള്‍ പങ്കെടുക്കും. ഏഴ് കളിക്കാര്‍ വീതമാണ് ഓരോ ടീമിലും ഉണ്ടാവുക. വിജയനും, അഞ്ചേരിയും ഏതൊക്കെ ടീമിനു വേണ്ടിയാണ് ജഴ്‌സി അണിയുകയെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ നജീബ് വിജയന്റെ ടീമിലായിരിക്കുമെന്നാണ് സൂചന. പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ നെസ്റ്റോയാണ് സ്‌പോണ്‍സര്‍.
കേരളത്തില്‍ നിന്നെത്തുന്ന താരങ്ങള്‍ക്കു പുറമെ ഓരോ ടീമിലും ബൂട്ടണിയുക പ്രവാസി കളിക്കാരായിരിക്കും. ഇത്തരമൊരു ടൂര്‍ണമെന്റ് ആദ്യമായാണെന്ന് എം നജീബ് പറഞ്ഞു. പ്രവാസി കളിക്കാരെ കാല്‍പ്പന്ത് കളിയില്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ മികച്ച കളിക്കാര്‍ പ്രവാസ ലോകത്തുണ്ട്. താന്‍ സാക്ഷ്യം വഹിക്കുന്ന മത്സരങ്ങളില്‍ നിന്നു ഇത് പ്രകടമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്നുണ്ട്. ചിലതില്‍ താന്‍ പങ്കെടുക്കാറുമുണ്ട്. മികച്ച കളിക്കാരാണ് പലരും. മതിയായ പ്രോത്സാഹനവും പരിഗണനയും പരിശീലനവും ലഭിക്കുകയാണെങ്കില്‍ അവര്‍ക്ക് ഉയരാന്‍ കഴിയും. കാല്‍പ്പന്ത് കളിയില്‍ കേരളത്തിന്റെ യശ്ശസ് ഉയര്‍ത്തിയ നജീബ് വ്യക്തമാക്കി. എന്നാല്‍ പ്രോത്സാഹനമോ പരിശീലനമോ വേണ്ട രീതിയില്‍ കിട്ടുന്നില്ല. കളിയില്‍ താത്പര്യമുള്ളവര്‍ക്ക് മികച്ച പരിശീലനം നല്‍കാന്‍ തനിക്കു താത്പര്യമുണ്ടെന്നും നജീബ് കൂട്ടിച്ചേര്‍ത്തു. ഇത്തരം ടൂര്‍ണമെന്റുകള്‍ കളിക്കാര്‍ക്ക് ആവേശം പകരുമെന്നും അദ്ദേഹം പറഞ്ഞു. നജീബും, സുമനും ഇപ്പോള്‍ പ്രവാസ ലോകത്ത് ഫുട്‌ബോളില്‍ പരിശീലനം നല്‍കിവരികയാണ്. സുമന്‍ ദുബൈയില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിച്ചിട്ടുണ്ട്. നിരവധി കുട്ടികളാണ് ഇവിടെ പരിശീലനം നേടുന്നത്.
അതേ സമയം കേരളത്തിന്റെ കറുത്ത മുത്ത് വിജയനടക്കമുള്ള താരങ്ങള്‍ അണിനിരക്കുന്ന മത്സരം നേരില്‍ കാണാന്‍ അവസരം ലഭിക്കുകയാണ് ടൂര്‍ണമെന്റിലൂടെ പ്രവാസികളായ ഫുട്‌ബോള്‍ പ്രേമികള്‍ക്ക്.