Connect with us

Gulf

രാജ്യം പൊടിക്കാറ്റില്‍ മുങ്ങി: 24 മണിക്കൂര്‍ കൂടി തുടരുമെന്ന്

Published

|

Last Updated

ദുബൈ: കാലാവസ്ഥാ മാറ്റത്തിന്റെ മുന്നറിയിപ്പുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്ത തോതില്‍ പൊടിക്കാറ്റുണ്ടായി. ഇന്നലെ രാവിലെ ദുബൈ ഉള്‍പെടെയുള്ള മുഖ്യ നഗരങ്ങളിലുള്ളവരെല്ലാം ഉണര്‍ന്നെഴുന്നേറ്റത് പൊടിക്കാറ്റിലേക്കായിരുന്നു.
ശക്തമായ കാറ്റില്‍ പൊടിയും മണലും വളരെ ഉയരത്തിലേക്ക് വരെ എത്തിയിരുന്നു. കാറ്റ് ശക്തമായതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചെറിയ തോതില്‍ മഴയും അനുഭവപ്പെട്ടു. ഇന്നും മഴക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. പൊടിക്കാറ്റ് പ്രധാന റോഡുകളിലെല്ലാം ദൂരക്കാഴ്ച നന്നേക്കുറയാന്‍ ഇടയാക്കിയിരുന്നു. രാവിലെ ഓഫീസുകളിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇറങ്ങിയവര്‍ കടുത്ത ജാഗ്രതയോടെയാണ് വാഹനം ഓടിച്ചത്. രാവിലെയും വൈകിയിട്ടും മൂടല്‍മഞ്ഞിനും ഇടയുള്ളതിനാല്‍ ദൂരക്കാഴ്ച ഈ നേരങ്ങളില്‍ കൂടുതല്‍ കുറയും. വടക്കന്‍ എമിറേറ്റുകളിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലായിരുന്നു മൂടല്‍മഞ്ഞ് ശക്തമായി അനുഭവപ്പെട്ടത്. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റം രാജ്യത്ത് താപനില താല്‍ക്കാലികമായി കുറയാന്‍ ഇടയാക്കുമെന്ന് ദേശീയ കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് ഉച്ചക്ക് ശേഷം മാത്രമേ അന്തരീക്ഷം പ്രസന്നമാവൂവെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന. ഇതു പ്രകാരം കാലാവസ്ഥ മാറുകയാണെങ്കില്‍ ആഴ്ച അവധി ദിനങ്ങളായ വെള്ളിയും ശനിയും പ്രസന്നമായ കാലാവസ്ഥക്കാവും സാക്ഷിയാവുക. ഉള്‍നാടുകളിലും തീരദേശങ്ങളിലും രാത്രിയിലും പുലര്‍കാലത്തും അന്തരീക്ഷ ഈര്‍പം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്ത് ഇന്നും അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുകയെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിനും വിനോദത്തിനുമായി കടലില്‍ ഇറങ്ങുന്നവരും സൂക്ഷിക്കണം. അടുത്ത 24 മണിക്കൂറില്‍ അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Latest