പിഴയിളവ്: കമ്പനികള്‍ ലാഭിച്ചത് 25 കോടി

Posted on: March 12, 2015 8:34 pm | Last updated: March 12, 2015 at 8:34 pm
SHARE

logoദുബൈ: പിഴയിളവ് കാലം പ്രയോജനപ്പെടുത്തിയതിലൂടെ കമ്പനികള്‍ലാഭിച്ചത് 25 കോടി ദിര്‍ഹമെന്ന് തൊഴില്‍ വകുപ്പ് അസി. അണ്ടര്‍സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് അല്‍ സുവൈദി വ്യക്തമാക്കി. തൊഴില്‍ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയം ചുമത്തിയ പിഴയിലായിരുന്നു വന്‍ ഇളവ് പ്രഖ്യാപിച്ചത്. ജനുവരി മുതല്‍ ആറു മാസത്തെ കാലാവധിയായിരുന്നു ഇതിനായി നല്‍കിയത്. ഈ കാലയളവില്‍ ആദ്യ മൂന്നു മാസം പിന്നിടുമ്പോഴാണ് 10,000 കമ്പനികള്‍ പിഴയിളവ് പ്രയോജനപ്പെടുത്തിയത്. 27 കോടി ദിര്‍ഹമായിരുന്നു നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് ചുമത്തിയത്. 20,000 ലേബര്‍ കാര്‍ഡുകളിലായാണ് കമ്പനികള്‍ പിഴയിളവ് ലാഭിച്ചത്. ജനുവരി മുതല്‍ മാര്‍ച്ച് അഞ്ചു വരെയുള്ള മൂന്നു മാസങ്ങള്‍ക്കിടയിലായിരുന്നു പിഴയിളവ് ഇവര്‍ പ്രയോജനപ്പെടുത്തിയതെന്നും അല്‍ സുവൈദി വെളിപ്പെടുത്തി. പിഴയിളവ് നേടിയതില്‍ 11,000 വും ലേബര്‍കാര്‍ഡ് പുതുക്കുന്നതിന് കാലതാമസം വരുത്തിയ കേസുകളിലായിരുന്നു. 8,000 നിയമലംഘനങ്ങള്‍ ലേബര്‍കാര്‍ഡിന്റെ കാലാവധി അവസാനിച്ചതുമായും 1,000 തൊഴിലാളികള്‍ ഓടിപ്പോയതുമായും ബന്ധപ്പെട്ടായിരുന്നു.
കനത്ത തുക പിഴയായി നല്‍കാനുള്ള ഓരോ ലേബര്‍ കാര്‍ഡിനും 1000 ദിര്‍ഹം മാത്രം നല്‍കി രക്ഷപ്പെടാവുന്നതായിരുന്നു തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച പിഴയിളവ്് പദ്ധതി. എത്ര കൂടിയ തുകയുടെ പിഴയായാലും 1000 ദിര്‍ഹം അടച്ചാല്‍ പിഴയില്‍ നിന്നു പൂര്‍ണമായി മുക്തമാവാന്‍ സാധിക്കുമെന്നതായിരുന്നു പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം. മൊത്തത്തില്‍ 40,000 കമ്പനികള്‍ക്കാണ് പിഴ ചുമത്തിയിരുന്നത്. ഇതില്‍ 25 ശതമാനം കമ്പനികളാണ് ആനുകൂല്യം പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രയോജനപ്പെടുത്താന്‍ മൂന്നു മാസം കൂടി സമയമുള്ളതിനാല്‍ ഒട്ടുമിക്ക കമ്പനികളും പ്രയോജനപ്പെടുത്തുമെന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.