Connect with us

Kozhikode

വരള്‍ച്ചാ ദുരിതാശ്വാസത്തിന് ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കും

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് ബ്ലോക്ക് അടിസ്ഥാനത്തില്‍ അടിയന്തരമായി ദുരിതാശ്വാസ കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വരള്‍ച്ചാ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി നാല് ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റവന്യു, പോലീസ്, തദ്ദേശസ്വയംഭരണം, ജല അതോറിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കും. പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 10 ശതമാനം വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
എടച്ചേരി ഗുളികപ്പുഴ, എടച്ചേരി കീഴ്പ്പയൂര്‍ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കനോലി കനാല്‍ മാലിന്യപ്രശ്‌നം, നാദാപുരം, വടകര, തിരുവള്ളൂര്‍, ചേളന്നൂര്‍ മേഖലകളിലെ കുടിവെള്ളപ്രശ്‌നം എന്നിവ യോഗത്തില്‍ ചര്‍ച്ചയായി.
യോഗത്തില്‍ എ ഡി എം കെ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ഡെപ്യൂട്ടി കലക്ടര്‍ എന്‍ എന്‍ ജമുന, ഫിനാന്‍സ് ഓഫീസര്‍ ജെസി ഹെലന്‍ ഹമീദ്, കോഴിക്കോട്, വടകര ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു.