Connect with us

Kozhikode

ബസ് സ്റ്റാന്‍ഡും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു

Published

|

Last Updated

താമരശ്ശേരി: ദേശീയപാതയോരത്തെ പഴയ ബസ് സ്റ്റാന്‍ഡും പരിസരവും സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാകുന്നു. രാപ്പകല്‍ഭേദമന്യേ ലഹരി ഇടപാടിനായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ഇവിടെയത്തുന്നത്. ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന വെഴുപ്പൂര്‍ റോഡും സമീപത്തെ ചില കെട്ടിടങ്ങളും ഗ്രൗണ്ടുമാണ് ഇവര്‍ താവളമാക്കുന്നത്. വൈകുന്നേരത്തോടെ വെഴുപ്പൂര്‍ റോഡില്‍ വിവിധ ഭാഗങ്ങളില്‍ സംഘടിക്കുന്ന സംഘം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ശല്യം ചെയ്യുന്നതും പതിവാണ്.
പ്രവൃത്തി പുരോഗമിക്കുന്ന കെട്ടിടത്തിന് പിന്‍ഭാഗത്തുള്ള ഗ്രൗണ്ടില്‍ പകല്‍ സമയത്തുപോലും ലഹരി ഉപയോഗത്തിന് ആളുകള്‍ എത്തുന്നുണ്ട്. വാഹനങ്ങളിലെത്തി മദ്യപിക്കുന്ന സംഘം വലിച്ചെറിഞ്ഞ മദ്യകുപ്പികള്‍ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ അടക്കുന്നതോടെ പലയിടങ്ങളിലും കൂട്ട മദ്യപാനവും അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. സംഘത്തിലെ ചിലര്‍ രാവിലെ വരെ ഏതെങ്കിലും കടത്തിണ്ണയില്‍ ഉറങ്ങും. അങ്ങാടി സജീവമാകുന്നതോടെയാണ് സ്ഥലം വിടുക. ലഹരിമാഫിയ വിളയാട്ടം അവസാനിപ്പിക്കാന്‍ ശക്തമായ നടപടിവേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.