സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് സി എ ജി: കടമെടുത്ത് നിത്യചെലവുകള്‍ നടത്തുന്നു

Posted on: March 12, 2015 9:19 am | Last updated: March 13, 2015 at 12:00 am
SHARE

kerala-secretariatതിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് സി എ ജി (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട്. സംസ്ഥാനത്തെ കടമെടുക്കല്‍ വര്‍ധിച്ചതായും നിലവില്‍ കടമെടുത്താണ് നിത്യ ചെലവുകള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കടമെടുത്തതില്‍ 50 ശതമാനം മാത്രമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്. സാമ്പത്തിക നയമനുസരിച്ചുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ല. മൂന്ന് വര്‍ഷവും റവന്യു കമ്മികള്‍ വര്‍ധിച്ചു. പ്രതീക്ഷിച്ച വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടാനായില്ല. മുദ്രപ്പത്രങ്ങള്‍, രജിസ്‌ട്രേഷന്‍ ഫീസ്, എക്‌സൈസ് എന്നിവയില്‍ നിന്നുള്ള വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. മൂലധന ചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 309 കോടി രൂപയായി. ഏഴ് ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്.

വരുമാനം പ്രതീക്ഷിച്ചതിലും 5790 കോടി രൂപ കുറഞ്ഞു. റവന്യൂ ചെലവില്‍ 13 ശതമാനം വര്‍ധനയുണ്ടായി. റവന്യൂ വരവിന്റെ 79 ശതമാനവും ചെലവാക്കുന്നത് ശമ്പളം, പെന്‍ഷന്‍ നല്‍കല്‍, സബ്‌സിഡികള്‍ എന്നിവക്കാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്നു. എക്‌സൈസ് വകുപ്പില്‍ നികുതി വെട്ടിപ്പു നടക്കുന്നുണ്ടെന്നും ഫീസ് കൃത്യമായി പിരിച്ചെടുക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ വരവുകളുടെ വളര്‍ച്ചാ നിരക്ക് മുന്‍ വര്‍ഷം 16% ആയിരുന്നത് 2013-14 ല്‍ 11% ആയി കുറഞ്ഞു. ബജറ്റ് ലക്ഷ്യം വെച്ച വരവ് 58,057.88 കോടി രൂപയായിരുന്നു. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്ന് ബോധ്യം വന്ന സര്‍ക്കാര്‍ ഇതു പുതുക്കി 54,966.85 കോടിയായി കുറച്ചു. എന്നിട്ടും പുതുക്കിയ ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. 5,789.92 കോടി രൂപയുടെ കുറവാണുണ്ടായത്. പ്രതീക്ഷിച്ചത് പോലെ റവന്യൂ വരുമാനം സ്വരൂപിക്കാന്‍ കഴിയാത്തത് റവന്യൂ കമ്മി വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടുന്നതിനും കാരണമായി. വില്‍പ്പന, വ്യാപാര നികുതികളെ മാത്രം ആശ്രയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ലോട്ടറിയില്‍ നിന്നുള്ള വരുമാനത്തില്‍ വന്ന കുറവും സാമ്പത്തിക സ്ഥിതി ദയനീയമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത 1,08,477 കോടിയില്‍ നിന്നും 1,24,081 കോടിയായി വര്‍ധിച്ചു. റവന്യൂ വരവ് കുറയുമ്പോഴും റവന്യൂ ചെലവില്‍ കാര്യമായ വര്‍ധനയുണ്ടായി. 13% വര്‍ധനയാണ് ചെലവിലുണ്ടായത്. എന്നാല്‍ പദ്ധതി ചെലവ് 69% മാത്രമായിരുന്നു. പദ്ധതിയേതര ചെലവുകളാകട്ടെ 98 % ആയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും കുറവ് പദ്ധതി ചെലവുണ്ടായ വര്‍ഷമായിരുന്നു ഇത്. പദ്ധതി ചെലവിനു കാര്യമായ പരിഗണന നല്‍കിയിട്ടില്ലെന്നും സി എ ജി കണ്ടെത്തിയിട്ടുണ്ട്.
മൂലധന ചെലവില്‍ ഏഴ് ശതമാനം കുറവുണ്ടായി. ആരോഗ്യ മേഖലക്കു പ്രാധാന്യം നല്‍കിയപ്പോള്‍ സാമൂഹിക സേവന മേഖലയിലും വികസന മേഖലയിലും മൂലധന ചെലവ് ഗണ്യമായി കുറഞ്ഞു. വായ്പകളും മുന്‍കൂറുകളും തിരിച്ചു പിടിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നുണ്ട്. കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ കമ്പനികള്‍, സഹകരണ സംഘങ്ങള്‍ എന്നിവക്കു 1,464 കോടി രൂപ വായ്പ നല്‍കി. ഈ അവസരത്തില്‍ ബാക്കി നില്‍ക്കുന്നത് 11,721 കോടിയായിരുന്നു. ഇതില്‍ 121 കോടി രൂപ മാത്രമായിരുന്നു തിരിച്ചു പിടിച്ചത്. 72 സ്ഥാപനങ്ങളില്‍ നിന്നും 7,658 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്. ഇതില്‍ 4,649 രൂപ മുതലും 3009 കോടി രൂപ പലിശയുമാണ്. ജല അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, കെ എസ്ആര്‍ ടി സി, കശുവണ്ടി വികസന കോര്‍പറേഷന്‍ എന്നിവരാണ് പ്രധാന കുടിശ്ശികക്കാര്‍. സര്‍ക്കാര്‍ വായ്പയോ മുന്‍കൂറോ നല്‍കുന്നതിനു മുമ്പായി നല്‍കുന്ന സ്ഥാപനങ്ങളുടെ തിരിച്ചടക്കല്‍ ശേഷി പരിശോധിക്കണം.
എക്‌സൈസ് വകുപ്പില്‍ നികുതി വെട്ടിപ്പു നടക്കുന്നു. ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചെങ്കിലും 740 ലൈസന്‍സികളില്‍ നിന്നും വ്യത്യാസം വന്ന തുക പിരിച്ചെടുത്തിട്ടില്ല. ശരിയല്ലാത്ത തരത്തില്‍ വേസ്റ്റേജ് കണ്ടെത്തിയതു വഴി എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന് തീരുവ ചുമത്താന്‍ കഴിഞ്ഞില്ല. സ്പിരിറ്റ് അടങ്ങിയ കൂട്ടുകളുടെ വില്‍പ്പനയിലുള്ള ലൈസന്‍സ് ഫീസ് പരിഷ്‌കരിച്ചിട്ടും പഴ നിരക്ക് ഈടാക്കി മദ്യത്തില്‍ നിന്നുള്ള വരുമാനം കുറയ്ക്കാന്‍ എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായെന്നും വിലയിരുത്തുന്നു.
വില്‍പ്പന വ്യാപര നികുതികളില്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കിയതും വരുമാനത്തെ ബാധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളില്‍ പതിക്കുന്ന പരസ്യങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഫീസ് പിരിക്കാതിരുന്നതും അമിത ഭാരം കയറ്റിയ വാഹനങ്ങളില്‍ നിന്നും പിഴ പിരിക്കാതിരുന്നതും നഷ്ടം വരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. കെട്ടിട നികുതി നിര്‍ണയിക്കുന്നതിലെ വീഴ്ച, വൈദ്യുതി ലൈസന്‍സികളില്‍ നിന്നും വൈദ്യുതി തീരുവ ഈടാക്കാതിരുന്നതും ഭൂമിയുടെ ന്യായവില നിശ്ചയിക്കാതിരുന്നതും വാങ്ങല്‍ വില കണക്കുകൂട്ടാതെ ഇടപാടുകള്‍ അംഗീകരിച്ചതും വരുമാന നഷ്ടത്തിനിടയാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.