2019 ഏഷ്യാകപ്പ് ഫുട്‌ബോള്‍ യു എ ഇയില്‍

Posted on: March 11, 2015 7:16 pm | Last updated: March 11, 2015 at 7:16 pm
SHARE

ദുബൈ: 2019ലെ ഏഷ്യാകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ യു എ ഇയില്‍ നടക്കും.
ബഹ്‌റൈനില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എ എഫ് സി) എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് തീരുമാനം. ഇറാനെ പിന്തള്ളിയാണ് യു എ ഇ അവസരം നേടിയത്. ഇത് രണ്ടാംതവണയാണ് യു എ ഇക്ക് ഏഷ്യാകപ്പ് സംഘടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നത്.
24 ടീമുകള്‍ക്ക് അവസരം നല്‍കുന്ന ആദ്യ ഏഷ്യാകപ്പ് മത്സരത്തിനായിരിക്കും യു എ ഇ വേദിയൊരുക്കുന്നത്. ടീമുകളുടെ എണ്ണം 16ല്‍ നിന്ന് 24 ആയി ഉയര്‍ത്തിയതായി 2014ല്‍ എ എഫ് സി അറിയിച്ചിരുന്നു. യു എ ഇ യില്‍ കാലാവസ്ഥ അനുകൂലമാകുന്ന സീസണ്‍ പരിഗണിച്ച് 2019 ആദ്യം ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് സാധ്യത. ആറ്് വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. അബുദാബിയിലെ രണ്ട് സ്റ്റേഡിയങ്ങളും ദുബൈയിലെ രണ്ട് സ്റ്റേഡിയങ്ങളും അല്‍ഐനിലെ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയവും മത്സരങ്ങള്‍ക്കായി തിരഞ്ഞെടുക്കുമെന്നാണ് സൂചന.
ചൈന, ബഹ്‌റൈന്‍, ലെബനന്‍, മലേഷ്യ, ഒമാന്‍ എന്നിവയാണ് വേദിക്കായി അവകാശവാദമുന്നയിച്ച് മത്സരരംഗത്തുണ്ടായിരുന്നത്. ഇവയില്‍ ഇറാനും യു എ ഇ യും അന്തിമ പട്ടികയില്‍ ഇടംനേടി. വനിതാതാരങ്ങള്‍ക്ക് രാജ്യത്ത് കളിക്കളങ്ങളില്‍ അവസരം നല്‍കാത്തതാണ് ഇറാന് തടസ്സമായ പ്രധാന ഘടകങ്ങളിലൊന്ന്.
2009, 2010 വര്‍ഷങ്ങളില്‍ ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരങ്ങള്‍ക്കും 2013ലെ ഫിഫ അണ്ടര്‍ 17 മത്സരങ്ങള്‍ക്കും യു എ ഇ വേദിയായിരുന്നു ഏഷ്യാകപ്പ് വേദിക്കായി അവകാശവാദമുന്നയിച്ചത്. 1996ല്‍ ഏഷ്യാകപ്പ് ടൂര്‍ണമെന്റിന് വേദിയായിരുന്നത് യു എ ഇ ആയിരുന്നു.