പുകഞ്ഞ പിള്ള ഒടുവില്‍ പുറത്ത്

Posted on: March 11, 2015 2:27 pm | Last updated: March 12, 2015 at 10:22 am
SHARE

balakrishna-pillai3

തിരുവനന്തപുരം: യു ഡി എഫുമായി ഇടഞ്ഞ് നില്‍ക്കുന്ന ആര്‍ ബാലകൃഷ്ണ പിള്ള ഒടുവില്‍ മുന്നണി വിട്ടു. കഴിഞ്ഞ മുന്നണി യോഗം പിള്ളയെ അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചതാണെങ്കിലും മുന്നണിയില്‍ നിന്ന് പുറത്താക്കിയിരുന്നില്ല. യു ഡി എഫ് ബന്ധം ഉപേക്ഷിച്ചെന്ന് ആര്‍ ബാലകൃഷ്ണപിള്ള തന്നെ വ്യക്തമാക്കി. ഇന്ന് നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ബി പ്രതിനിധി കെ ബി ഗണേഷ്‌കുമാര്‍, എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഐഷാ പോറ്റിക്ക് വോട്ട് ചെയ്യും. ഇന്നലെ നടന്ന നന്ദിപ്രമേയ ചര്‍ച്ചയുടെ വോട്ടെടുപ്പില്‍ നിന്ന് ഗണേഷ് വിട്ടുനിന്നു.

ജീവിതത്തില്‍ ഏറെ സന്തോഷമുള്ള ദിവസമാണിതെന്നും എല്‍úഡി എഫിന്റെ പ്രക്ഷോഭങ്ങളില്‍ ഇനി പങ്കാളിയാകുമെന്നും പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇടത് മുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. നേതാക്കളുമായി സംസാരിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പറയാനുമാവില്ലെന്നും പിള്ള പറഞ്ഞു.
എന്നാല്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പിള്ളയുടെ തീരുമാനമെന്നാണ് സൂചന. നിയമസഭയില്‍ കേരള കോണ്‍ഗ്രസ് ബിയുടെ സഹായം കോടിയേരി തേടിയെന്നാണ് വിവരം. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വോട്ടു ചെയ്യുമെന്ന പിള്ളയുടെ പ്രഖ്യാപനത്തില്‍ അതിശയോക്തിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. യു ഡി എഫില്‍ നിന്ന് പുറത്ത് പോകണോയെന്ന കാര്യം പിള്ളയുടെ പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കോണ്‍ഗ്രസ്(ബി) യു ഡി എഫിനു പുറത്താണെന്നും സാങ്കേതികമായി മാത്രമാണ് മുന്നണിയിലുള്ളതെന്നും കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. മുന്നണിയില്‍ നിലനിര്‍ത്തുന്ന കാര്യം അടുത്ത യു ഡിഎഫ് യോഗത്തില്‍ തീരുമാനിക്കും. നാളെയോ മറ്റെന്നാളോ ചേരുന്ന യു ഡി എഫ് യോഗം ഔപചാരിക തീരുമാനമെടുക്കുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി.
ഏറെനാളായി ബാലകൃഷ്ണപിള്ളയും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതയാണ് വഴിപിരിയലിന് ഇടയാക്കിയത്. നാളുകളായി ബാലകൃഷ്ണപിള്ള യു ഡി എഫ് യോഗങ്ങളില്‍ പങ്കെടുക്കുന്നില്ല. പകരം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കാറ്. കഴിഞ്ഞ രണ്ട് യു ഡി എഫ് യോഗങ്ങളില്‍ കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധികളും വിട്ടു നിന്നു. അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് വഴിപിരിയലിന്റെ അടിസ്ഥാനം. ഇക്കാര്യം പല വേദികളിലും ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിരുന്നു. ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുമെന്ന വാഗ്ദാനം യു ഡി എഫ് പാലിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെടുന്നു. ബാര്‍ കോഴ ആരോപണത്തില്‍ പിള്ള മുന്നണിക്കെതിരായി നിലപാടെടുക്കുകയും, അത് ശബ്ദ രേഖയായി പുറത്തുവരികയും ചെയ്തതോടെയാണ് മുന്നണി ബന്ധം വഷളായത്.