Connect with us

International

ആണവകരാറിനെതിരെ ഭീഷണി മുഴക്കി ഇറാന് കോണ്‍ഗ്രസിന്റെ കത്ത്; ലോകം അമേരിക്ക മാത്രമല്ലെന്ന് ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍: പാശ്ചാത്യരാജ്യങ്ങളുമായി ഒപ്പുവെക്കാന്‍ പോകുന്ന നിര്‍ദിഷ്ട ആണവകരാറിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണെന്ന് കാണിച്ച് യു എസ് സെനറ്റര്‍മാര്‍ അയച്ച കത്ത് ഇറാന്‍ തള്ളിക്കളഞ്ഞു. കത്തിന് ഒരു തരത്തിലുള്ള നിയമ പിന്തുണയും ഇല്ലെന്ന് ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ളരീഫ് വ്യക്തമാക്കി. ഏത് തരത്തിലുള്ള ആണവ കരാറുകള്‍ക്കും കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണെന്ന് കത്തില്‍ ഇറാനെ ഓര്‍മപ്പെടുത്തുന്നു. കത്തില്‍ സെനറ്റ് നേതാക്കള്‍ ഉള്‍പ്പെടെ 47 റിപ്പബ്ലിക്കന്‍ അംഗങ്ങളും 2016ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവരും ഒപ്പ് വെച്ചിട്ടുണ്ട്. 2017 ജനുവരി വരെ മാത്രമേ നിലവിലെ പ്രസിഡന്റ ബരാക് ഒബാമ ഈ പദവിയിലുണ്ടാകൂകയുള്ളൂവെന്നും ഇപ്പോള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെങ്കില്‍ ആ സമയത്ത് ഈ കരാര്‍ പിന്‍വലിക്കാന്‍ സാഹചര്യമുണ്ടെന്നും കത്തില്‍ ഭീഷണിയുണ്ട്. എന്നാല്‍ ഇതിന് ശക്തമായ മറുപടിയുമായി ഇറാന്‍ രംഗത്തെത്തുകയായിരുന്നു. അന്താരാഷ്ട്ര നിയമമനുസരിച്ച് കോണ്‍ഗ്രസിന് ഈ കരാറിലെ തത്വങ്ങള്‍ക്ക് മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് സെനറ്റര്‍മാര്‍ അറിയണമെന്നും അത്തരം നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായിരിക്കുമെന്നും ലോകം എന്നത് അമേരിക്ക മാത്രമല്ലെന്നും ളരീഫ് തുറന്നടിച്ചു. ലോകരാഷ്ട്രങ്ങളും ഇറാനും ആണവ കരാറിലെത്തുന്നത് തടയാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ കത്തിനെ വിലയിരുത്തപ്പെടുന്നത്.

Latest