ഗാന്ധിജി ബ്രിട്ടീഷ് ഏജന്റായിരുന്നെന്ന് മാര്‍ക്കണ്ഡേയ് കട്ജു

Posted on: March 10, 2015 10:45 am | Last updated: March 11, 2015 at 12:16 pm
SHARE

-Justice-Markandey-Katjus-ന്യൂഡല്‍ഹി: ഈയിടെ വിവാദങ്ങളുടെ തോഴനായ സുപീം കോടതി  ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു വീണ്ടും ഗുരുതരമായ ആരോപണവുമായി രംഗത്ത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ബ്രിട്ടീഷ് ഏജന്റായിരുന്നുവെന്ന അതീവ പ്രകോപനപരവും നിരുത്തരവാദപരവുമായ ആരോപണമാണ് കട്ജു തന്റെ ബ്ലോഗിലൂടെ ഉന്നയിച്ചത്.
തീര്‍ച്ചയായും ഗാന്ധിജി ബ്രിട്ടീഷ് ഏജന്റായിരുന്നു. അദ്ദേഹം ഇന്ത്യക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഈ പോസ്റ്റിനെ തുടര്‍ന്ന് ഒരുപാട് ആരോപണങ്ങളും രൂക്ഷ പ്രതികരണങ്ങളും ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ബ്ലോഗില്‍ എഴുതി. തന്റെ വാദത്തെ സാധൂകരിക്കാന്‍ മൂന്ന് കാരണങ്ങളാണ് ജസ്റ്റിസ് കട്ജു നിരത്തിയത്. രാഷ്ട്രീയത്തിലേക്ക് തുടര്‍ച്ചയായി മതത്തെ കടത്തിവിട്ടതിലൂടെ വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് ഗാന്ധിജി നടപ്പിലാക്കിയത്. വിപ്ലവാത്മക ദിശയില്‍ നിന്ന് സ്വാതന്ത്ര്യ സമരത്തെ ബുദ്ധിശൂന്യവും എളുപ്പവുമായ സത്യഗ്രഹം എന്ന ദിശയിലേക്ക് തിരിച്ചുവിട്ടു. ഇത് ബ്രിട്ടീഷുകാരുടെ താത്പര്യപ്രകാരമായിരുന്നു. ഗാന്ധിയുടെ സാമ്പത്തിക ആശയങ്ങളും പൂര്‍ണമായും പ്രതീകാത്മകമായിരുന്നു. രാഷ്ട്രപിതാവിന്റെ സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ക്കു വേണ്ടിയുള്ള വാദം, ജാതികേന്ദ്രീകൃതവും പണം കടം കൊടുക്കുന്നവരുടെയും ഭൂവുടമകളുടെയും പിടിപാടിലുമായിരുന്നു. ഈ കാരണങ്ങളാണ് ജസ്റ്റിസ് കട്ജു ഉന്നയിക്കുന്നത്. കട്ജുവിന്റെ ബ്ലോഗ് പോസ്റ്റ് ഫേസ്ബുക്കില്‍ മുന്നൂറിലേറെ തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്.
വിവാദ പ്രസ്താവനകളുടെ ഉറ്റതോഴനാണ് ജസ്റ്റിസ് കട്ജു. നേരത്തെ 90 ശതമാനം ഇന്ത്യക്കാരും വിഡ്ഢികളാണെന്ന് പറഞ്ഞിരുന്നു. കത്രീന കൈഫ് അടുത്ത രാഷ്ട്രപതി ആകണമെന്നും പറഞ്ഞിരുന്നു.