Connect with us

Gulf

സ്ത്രീകളുടെ ദുര്യോഗങ്ങള്‍

Published

|

Last Updated

ഒരു വനിതാ ദിനം കൂടി കഴിഞ്ഞുപോയി. യു എ ഇയിലെ മലയാളീ വനിതകളുടെ ജീവിതത്തെ ചിലരെങ്കിലും ആലോചനക്ക് വിഷയമാക്കിയിരിക്കണം. ജോലി ചെയ്ത് ഒറ്റക്ക് ജീവിക്കുന്നവര്‍, കുടുംബത്തെ നോക്കി കഴിയുന്നവര്‍, ജോലിയും കുടുംബവും ഒന്നിച്ചു കൊണ്ടുപോകുന്നവര്‍, വീട്ടുവേലക്കാരികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി വ്യത്യസ്ത തലങ്ങളിലുള്ളവര്‍ യു എ ഇയിലുണ്ട്.
ജോലിസ്ഥലത്തും കുടുംബത്തിലും ഒരേപോലെ രാപകല്‍ അധ്വാനിക്കുന്നത് അനേകം സ്ത്രീകള്‍. അവരുടെ, മാനസിക പിരിമുറുക്കവും കായികായാസവും പലര്‍ക്കും ബോധ്യപ്പെടില്ല. പുലര്‍ച്ചെ എണീറ്റ് കുട്ടികളെ ഉടുത്തൊരുക്കി വിദ്യാലയത്തിലേക്ക് പറഞ്ഞയച്ച്, ഭര്‍ത്താവിന്റെ വസ്ത്രം തേച്ച് മിനുക്കിക്കൊടുത്ത്, ഓഫീസിലേക്ക് പോയി വൈകുന്നേരം വരെ ജോലിയില്‍ കെട്ടിമറിഞ്ഞ്, രാത്രി തിരിച്ചെത്തി ഭക്ഷണം പാകം ചെയ്ത്, പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി, മറ്റൊരു പകലിന്റെ വീര്‍പ്പുമുട്ടലിനെ ആലോചിച്ച് കിടന്നുറങ്ങുമ്പോള്‍, നേരം വൈകും. എന്നാല്‍, സുരക്ഷിതമായ ഒരു ഭാവിക്കു വേണ്ടി അവര്‍ എല്ലുമുറിയെ പണിയെടുക്കുകയാണ്. നാട്ടിലാണെങ്കില്‍ ധാരാളം ഉറ്റവര്‍ സഹായത്തിനുണ്ടാകും. ഇവിടെ ഏതാണ്ട് ഒറ്റക്കാണ് ഇവരുടെ പോരാട്ടം.
വീട്ടുവേലക്ക് നാട്ടില്‍ നിന്ന് എത്തുന്ന സ്ത്രീകള്‍ക്ക് ഇവിടത്തെ ജീവിതം എളുപ്പം ഇണങ്ങിയെന്നു വരില്ല. മലയാളികളുടേതല്ലാത്ത വീട്ടിലാണെങ്കില്‍ ആശയ വിനിമയം പ്രധാന പ്രശ്‌നമായിരിക്കും. എന്നാല്‍, ഇന്നും സ്വദേശികള്‍ ആദ്യം പരിഗണിക്കുന്നത് മലയാളികളെ. ശുചിത്വത്തിലും ആത്മാര്‍ഥതയിലും മുന്‍പന്തിയില്‍ മലയാളികളാണെന്നത് തന്നെ കാരണം.
എന്നാല്‍ പെണ്‍വാണിഭ സംഘങ്ങള്‍ ഒരിടവേളയില്‍ അരങ്ങുവാണപ്പോള്‍ കേരളത്തില്‍ നിന്ന് ഗാര്‍ഹിക ജോലിക്കെത്തുന്നവരുടെ എണ്ണം കുറഞ്ഞു. ഫിലിപ്പൈന്‍, ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വര്‍ധിച്ചു. മാത്രമല്ല, ഇന്ത്യയില്‍ നിന്ന് വീട്ടുവേലക്കാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ വന്‍തുക കെട്ടിവെക്കണമെന്ന നിയമം ഇന്ത്യക്കാരുടെ ജോലി സാധ്യത കുറച്ചു.
അതേ സമയം, മനുഷ്യക്കടത്തിനെതിരെ യു എ ഇ ഭരണകൂടം കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. മാത്രമല്ല, ഇരകള്‍ക്കു വേണ്ടി മിക്ക എമിറേറ്റുകളിലും അഭയ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുമുണ്ട്. യു എ ഇയില്‍ ഇന്ത്യന്‍ സ്ത്രീകള്‍ വഞ്ചിക്കപ്പെടുന്നത് ഏറെയും ഇന്ത്യക്കാരാലാണ്. ബ്യൂട്ടി പാര്‍ലറിലേക്കും ഹോട്ടലുകളിലേക്കും മറ്റും റിക്രൂട്ട് ചെയ്യപ്പെടുന്ന യുവതികളെ ചിലര്‍ പീഡിപ്പിക്കുന്നു. ഈയിടെ കണ്ണൂര്‍ സ്വദേശിനി സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലാണ് രക്ഷപ്പെട്ടത്.
സ്ത്രീ ശാക്തീകരണത്തിന് വലിയ പരിഗണനയാണ് യു എ ഇ നല്‍കുന്നത്. ജനറല്‍ വിമന്‍സ് യൂണിയന്‍ അധ്യക്ഷ ശൈഖാ ഫാത്വിമ ബിന്‍ത് മുബാറക്കിന്റെ നേതൃത്വത്തില്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്ത്രീ പീഡനങ്ങള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുന്നു. അത് കൊണ്ടുതന്നെ, യു എ ഇയില്‍ സ്വദേശികള്‍ക്കിടയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കുറവാണ്. ഇതിനു പുറമെ, ദുബൈ വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ് രൂപവത്കരിച്ചുകൊണ്ട് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവായിരിക്കുന്നു.