ആലമിന്റെ മോചനം: കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് പ്രധാനമന്ത്രി

Posted on: March 9, 2015 12:43 pm | Last updated: March 10, 2015 at 9:11 am
SHARE

MODI-LOK

ന്യൂഡല്‍ഹി/ ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഹുര്‍റിയത്ത് തീവ്രവാദി വിഭാഗം നേതാവ് മസ്‌റത്ത് ആലമിനെ മോചിപ്പിച്ച നടപടിയില്‍ പി ഡി പി ഉറച്ചുനില്‍ക്കുകയും ഇതിനെതിരെയുള്ള പ്രതിഷേധം ഘടക കക്ഷിയായ ബി ജെ പി ശക്തമാക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് സഖ്യം കൂടുതല്‍ പ്രതിസന്ധിയിലായി. മസ്‌റത്ത് ആലമിനെ മോചിപ്പിക്കുന്ന വിവരം കേന്ദ്ര സര്‍ക്കാറിനെ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയിലാണ് പ്രധാനമന്ത്രി വിശദീകരണം നല്‍കിയത്. ക്രിമിനല്‍ കേസുകളില്ലാത്ത രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനുള്ള മുഫ്തി മുഹമ്മദ് സഈദ് സര്‍ക്കാറിന്റെ നയത്തിന്റെ ഭാഗമായാണ് ഹുര്‍റിയത്ത് തീവ്രവാദി വിഭാഗം നേതാവ് മസ്‌റത്ത് ആലം മോചിതനായത്.
മസ്‌റത്ത് ആലമിനെ മോചിപ്പിച്ചതിനെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധത്തില്‍ താനും ഭാഗമാകുകയാണെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറുമായി ആലോചിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ആലമിനെ മോചിപ്പിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഒന്നിനോടും ഒത്തുതീര്‍പ്പിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നും ജമ്മു കാശ്മീര്‍ സര്‍ക്കാറിനോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. ആലമിനെതിരെ 27 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് മോദിക്ക് തൊട്ടുമുമ്പ് ലോക്‌സഭയില്‍ സംസാരിച്ച ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
ആലമിനെ മോചിപ്പിച്ച നടപടിയില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സഭയില്‍ ആവശ്യപ്പെട്ടത്. സഖ്യകക്ഷിയായ ബി ജെ പിയുമായി ആലോചിക്കാതെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് തീരുമാനം എടുക്കില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. കേന്ദ്രവുമായി വിഷയം ആലോചിച്ചിട്ടില്ലെന്നും പ്രശ്‌നം രാജ്യത്തെ തന്നെ ബാധിക്കുന്നതാണെന്നും ഒരു പാര്‍ട്ടിയുടെ വിഷയമല്ലെന്നും പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
അതേസമയം, ആലമിനെ മോചിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് ജമ്മു കാശ്മീര്‍ ബി ജെ പി ഘടകവും രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ് ജസ്‌റോത്തിയയുടെ നേതൃത്വത്തില്‍ ബി ജെ പി. എം എല്‍ എമാര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിനെ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. ആലമിനെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ബി ജെ പി മുന്നോട്ടുവെച്ചു.
2010ല്‍ കശ്മീര്‍ താഴ്‌വരയില്‍ 112 പേരുടെ മരണത്തിനിടയാക്കിയ റാലിക്ക് നേതൃത്വം നല്‍കിയെന്ന കേസിലാണ് ആലമിനെ അറസ്റ്റ് ചെയ്തത്. പൊതുസുരക്ഷാ നിയമ പ്രകാരം നാല് വര്‍ഷമായി ബാരാമുല്ല ജയിലിലായിരുന്നു ഇയാള്‍. ശനിയാഴ്ചയാണ് ആലം ജയില്‍മോചിതനായത്. ബുധനാഴ്ച പോലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് ആലമിനെയടക്കം വിട്ടയക്കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.