ഒമാനില്‍ പൊടിക്കാറ്റ്: വിമാനത്താവളം അടച്ചിട്ടു

Posted on: March 9, 2015 11:16 am | Last updated: March 9, 2015 at 11:16 am
SHARE

മസ്‌കത്ത്: ഒമാന്‍ തലസ്ഥാനത്തും വടക്ക്, തെക്ക് ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റ്. പൊടിക്കാറ്റിനെ തുടര്‍ന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം മണിക്കൂറോളം അടച്ചിട്ടു. നിരവധി വിമാനങ്ങള്‍ യാത്ര റദ്ദാക്കുകയും മറ്റ് ചിലത് മണിക്കൂറുകള്‍ വൈകി. ഇന്നലെ വിമാനത്താവളത്തിലെ കാഴ്ച പരിധി 200 മുതല്‍ 500 മീറ്റര്‍ വരെയായിരുന്നുവെന്ന് മീറ്റിയോറോളജി വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. റണ്‍വേയില്‍ ഇറക്കാന്‍ സാധിക്കാത്തതോടെ വിമാനങ്ങള്‍ ദുബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

മസ്‌കത്തില്‍ നിന്ന് ഇന്ത്യയിലേക്കടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാര്‍ വിമാനം വൈകിയതോടെ ബുദ്ധിമുട്ടിലായി. മണിക്കൂറുകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ വിമാനത്താവളത്തിലെ സ്ഥിതി പൂര്‍വനിലയിലായെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ തുടങ്ങിയ ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റ് ശക്തമായത്. ഒമാന്‍ തീരങ്ങളിലേക്ക് വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തിയായി അടിച്ചതാണ് പൊടിക്കാറ്റിന് കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. ഇന്നും നാളെയുമായും രാജ്യത്തെ മരുഭൂമികളോടടുത്ത പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിക്കാറ്റ് ശക്തിയായി ഉണ്ടാകുമെന്നും പല ഗവര്‍ണറേറ്റുകളിലെയും താപനില കുത്തനെ കുറയുമെന്നും ശര്‍ഖിയ, അല്‍വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ഇന്ന് മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരകക്ഷകര്‍ അറിയിച്ചിട്ടുണ്ട്.
മസ്‌കത്തിന് പുറമെ റുസ്താഖ്, ഇബ്ര, മദ, ഖുറിയാത്ത്, മസീറ, കസബ്, സൊഹാര്‍, സൈഖ്, നിസ്‌വ, റാസല്‍ ഹദ്ദ്, ബിദായ തുടങ്ങിയ സ്ഥലങ്ങളില്‍ പൊടിക്കാറ്റ് പ്രതികൂലമായി ബാധിച്ചു. പാലയിടങ്ങളിലും റോഡ്, ജല ഗതാഗതം എന്നിവ തടസപ്പെട്ടു. പോര്‍ട്ടുകളും ആഭ്യന്തര വിമാനത്താവളങ്ങളും മണിക്കൂറോളം സ്തംഭിച്ചു.
അപകട സാധ്യത കൂടുതലുള്ളതിനാല്‍ ആര്‍ ഒ പി ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റ് ശക്തമായ സമയങ്ങളില്‍ യാത്ര ഒഴിവാക്കണമെന്നും അനാവശ്യമായി റോഡിലൂടെ ഇറങ്ങി നടക്കരുതെന്നും പോലീസ് നിര്‍ദേശിച്ചു. വാഹനങ്ങള്‍ വേഗത കുറക്കണമെന്നും തുറസ്സായ സ്ഥലങ്ങളിലൂടെയും മരുഭൂമിക്കരികിലൂടെയുമുള്ള യാത്ര കഴിയുന്നതും ഒഴിവാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ മരുഭൂമികളിലൂടെയുള്ള ആഭ്യാസ പ്രകടനങ്ങളും മറ്റും അധികൃതര്‍ നിരോധിച്ചിട്ടുണ്ട്. പൊടിക്കാറ്റുള്ള സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വാഹനങ്ങള്‍ക്കിടയില്‍ അപകടങ്ങള്‍ ഉണ്ടാകാനിടയില്ലാത്ത വിധം അകലം പാലിക്കണമെന്ന് ആര്‍ ഒ പി മേധാവികള്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.