Connect with us

Sports

സന്തോഷ് ട്രോഫി: മിസോറം സെമിയില്‍

Published

|

Last Updated

ജലന്ധര്‍: നിലവിലെ ചാമ്പ്യന്‍മാരായ മിസോറം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍. റെയില്‍വേസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച മിസോറം തുടരെ മൂന്നാം ജയവുമായി ടൂര്‍ണമെന്റില്‍ സെമി ബെര്‍ത് നേടുന്ന ആദ്യ ടീമായി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ബംഗാളും പഞ്ചാബും ഗോളടിക്കാതെ പിരിഞ്ഞു. ബംഗാളിന് ഏഴ് പോയിന്റും പഞ്ചാബിന് അഞ്ച് പോയിന്റുമാണ്.
ഒരു ജയം ബംഗാള്‍-പഞ്ചാബ് ടീമുകള്‍ക്ക് സെമി ബെര്‍ത് ഉറപ്പിക്കുമായിരുന്നു. എന്നാല്‍, ഒപ്പത്തിനൊപ്പം നിന്ന പോര് സമനിലയില്‍ അവസാനിച്ചു. പഞ്ചാബിന് മേല്‍ മാനസിക മുന്‍തൂക്കവുമായാണ് ബംഗാള്‍ കളത്തിലിറങ്ങിയത്. ആദ്യ രണ്ട് കളികളിലും ജയിച്ച് ആറ് പോയിന്റ് ബംഗാള്‍ സ്വന്തമാക്കിയിരുന്നു. പഞ്ചാബിന് ഒരു ജയവും സമനിലയുമായി നാല് പോയിന്റ്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബംഗാള്‍ പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് ആദ്യ ഇരുപത് മിനുട്ടില്‍ പഞ്ചാബിനെ കാഴ്ചക്കാരാക്കി. പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന പഞ്ചാബ് ലക്ഷ്യത്തിലേക്ക് ആദ്യ പന്ത് പായിച്ചത് ഇരുപത്താറാം മിനുട്ടിലാണ്. രാജ്ബീര്‍ സിംഗിന്റെ വെടിയുണ്ട ഷോട്ട് ബംഗാള്‍ ഗോളി തട്ടിമാറ്റി. റീബൗണ്ട് ചെയ്ത പന്തില്‍ ഗോള്‍ സാധ്യതയുണ്ടായിരുന്നു. പ്രഭ്‌ജോ സിംഗിന് പന്ത് കൃത്യമായി ടാപ് ചെയ്യാന്‍ സാധിച്ചില്ല. ഗോളിന് ശ്രമിച്ചെങ്കിലും ഷോട്ട് പുറത്തേക്കാണ് പറന്നത്.
മൂന്ന് മിനുട്ടിനുള്ളില്‍ ക്യാപ്റ്റന്‍ രവീന്ദറിന്റെ ഷോട്ടും പുറത്തേക്കാണ് പോയത്. ആദ്യ പകുതിക്ക് തൊട്ട് മുമ്പ് ബംഗാളിന്റെ ജിതെന്‍ മുര്‍മുവിന്റെ എണ്ണം പറഞ്ഞ ഷോട്ട് പഞ്ചാബ് ഗോളി ജാഗ്‌രൂപ് വായുവില്‍ പറന്ന് തട്ടി. തൊട്ടടുത്ത നിമിഷം തന്നെ ജിതെന്റെ ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ നഷ്ടമായി.രണ്ടാം പകുതിയില്‍, അമ്പത്തഞ്ചാം മിനുട്ടില്‍ ബംഗാളിന്റെ നിര്‍ഭാഗ്യം വ്യക്തമായി. സാഹ റോയുടെ ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു. പിറകെ തന്നെ രാജ ദാസിന്റെ സുവര്‍ണാവസരം അത്ഭുതകരമായി ജാഗ്‌രൂപ് തടഞ്ഞു.എഴുപത്തിരണ്ടാം മിനുട്ടില്‍ മന്‍വീറിലൂടെ പഞ്ചാബിനും സുവര്‍ണാവസരം. ഇത്തവണ ബംഗാളിന്റെ ഗോളിയുടെ അവിസ്മരണീയ രക്ഷപ്പെടുത്തല്‍.