പ്രതിരോധ കുത്തിവെപ്പുകളോട് കേരളം മുഖം തിരിക്കുന്നു

Posted on: March 8, 2015 11:40 am | Last updated: March 8, 2015 at 11:40 am
SHARE

-vaccinations-knrകണ്ണൂര്‍: പകര്‍ച്ചവ്യാധികള്‍ പൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെടാത്ത സാഹചര്യത്തിലും സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പെടുക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രതിരോധ കുത്തിവെപ്പിനെതിരായ പ്രചാരണങ്ങളുടെ ഫലമായാണ് കുത്തിവെപ്പില്‍ നിന്ന് ജനങ്ങള്‍ മാറിനില്‍ക്കാന്‍ പ്രധാന കാരണമെന്ന് ഇതു സംബന്ധിച്ച പഠനങ്ങളില്‍ വ്യക്തമായി. നേരത്തെ രാജ്യത്ത് പ്രതിരോധ കുത്തിവെപ്പെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളമെങ്കില്‍ ഇപ്പോള്‍ അത് മൂന്നാം സ്ഥാനത്തേക്ക് ചുരുങ്ങി. ഗോവക്കും തമിഴ്‌നാടിനും പിറകിലാണ് ഇപ്പോള്‍ കേരളത്തിന്റെ സ്ഥാനം. അതേസമയം, വസൂരി, പോളിയോ എന്നീ രോഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനും ക്ഷയരോഗം, വില്ലന്‍ചുമ, ഡിഫ്ത്തീരിയ, ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ കുറയ്ക്കാനും സാധ്യമായത് നേരത്തെ കാര്യമായി നടത്തപ്പെട്ട ഊര്‍ജിത പ്രതിരോധ കുത്തിവെപ്പ് മൂലമാണെന്ന് ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ അടുത്ത കാലത്തായി പ്രതിരോധ കുത്തിവെപ്പിനെതിരായി ഉയര്‍ന്നു വരുന്ന പ്രചാരണങ്ങള്‍ ജനങ്ങളെ വലിയ തോതില്‍ ആശങ്കപ്പെടുത്തിയിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ കുത്തിവെപ്പിനെ തുടര്‍ന്ന് ചിലയിടങ്ങളിലെങ്കിലും കുട്ടികള്‍ക്ക് അപകടം സംഭവിച്ചിട്ടുണ്ടന്ന റിപ്പോര്‍ട്ടുകളാണ് കുത്തിവെപ്പ് നല്‍കുന്നതില്‍ നിന്ന് രക്ഷിതാക്കളെ പിന്തിരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി പ്രതിരോധ കുത്തിവെപ്പ് കാര്‍ഡ് സ്‌കൂള്‍ പ്രവേശത്തിന് നിര്‍ബന്ധമാക്കണമെന്ന ആവശ്യം സംഘടന സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ ആവശ്യം സര്‍ക്കാര്‍ ഉടന്‍ അംഗീകരിച്ചേക്കുമെന്നും സൂചനയുണ്ട്.
പാശ്ചാത്യ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും സ്‌കൂള്‍ പ്രവേശത്തിന് ഇത്തരം പ്രതിരോധ കുത്തിവെപ്പ് കാര്‍ഡ് നിര്‍ബന്ധമാണ്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പെന്റാ വാക്‌സിന്‍, എം എം ആര്‍ വാക്‌സിന്‍ തുടങ്ങിയവയെല്ലാം സൗജന്യമായി വിതരണം ചെയ്തു വരുന്നുണ്ട്.
വയറിളക്കം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ കുത്തിവെപ്പും സൗജന്യമായി ലഭ്യമാകുന്നുണ്ട്. സര്‍ക്കാറിന്റെ പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം 2020 ല്‍ അവസാനിക്കുന്നതോടെ ഇപ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രം നല്‍കുന്ന ഐ പി വി സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി നല്‍കുന്ന അവസ്ഥയുണ്ടാകും.