Connect with us

Articles

നിലപാടുള്ള രാഷ്ട്രീയക്കാരന്‍

Published

|

Last Updated

1977നു ശേഷമുള്ള പുതിയ തലമുറയുടെ പൂര്‍ണ അര്‍ത്ഥത്തിലുള്ള പ്രതീകം തന്നെയായിരുന്നു ജി കാര്‍ത്തികേയന്‍. 1977ല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ രണ്ടാകുമ്പോള്‍ ഇന്ദിരാഗാന്ധിയോടൊപ്പം അടിയുറച്ചുനിന്നു. ഡല്‍ഹിയില്‍നിന്ന് ഇന്ദിരാഗാന്ധി വിളിച്ച എ ഐ സി സി സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തിലെ കെ എസ് യു(ഐ)യുടെ കണ്‍വീനറായുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ജി കാര്‍ത്തികേയന്റെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടാം ജന്മം. 1977ന് മുമ്പുള്ള കാര്‍ത്തികേയന്, സംഘടനക്ക് അകത്ത് ലീഡറോടൊപ്പം നിന്ന് കെ എസ് യുവില്‍ ഒരു വിമതമുഖം ചിലര്‍ നല്‍കിയെങ്കില്‍ 77ന് ശേഷമുള്ള കാലഘട്ടത്തില്‍ ഒരു പോരാളിയുടെ വീറും വാശിയുമായിരുന്നു കാര്‍ത്തികേയനെ ഓരോ ഇഞ്ചും മുന്നോട്ടു നയിച്ചത്.
ഇന്ദിരാഗാന്ധിയോടൊപ്പമുള്ള വിദ്യാര്‍ഥി വിഭാഗത്തെ നയിക്കാന്‍ ചുമതലപ്പെട്ട ജി കാര്‍ത്തികേയന്‍ കേരളത്തിലെമ്പാടും ഓടിനടന്ന് ഒരു പുതിയ സംഘടന കെട്ടിപ്പടുക്കുന്നതുപോലെയാണ് കെ എസ് യു(ഐ) ഉണ്ടാക്കിയെടുത്തത്. പിന്നീട് അദ്ദേഹം സംസ്ഥാന പ്രസിഡന്റായിരുന്ന കെ എസ് യുവില്‍ രമേശ് ചെന്നിത്തലയും പന്തളം സുധാകരനും അടക്കമുള്ള നിരവധി പ്രമുഖര്‍ ഭാരവാഹികളായി. കെ എസ് യു പ്രസിഡന്റ് എന്ന നിലയില്‍ കേരള സര്‍വകലാശാലയുടെ സെനറ്റിലേക്ക് മത്സരിച്ച ജി കാര്‍ത്തികേയന് കൗണ്‍സിലര്‍ എന്ന നിലയില്‍ ഒരു വോട്ട് നല്‍കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. കെ എസ് യു(ഐ)യുടെ ഒന്നും അല്ലാതിരുന്ന സമയത്താണ് കാര്‍ത്തികേയന്‍ എന്ന് കേരള സര്‍വകലാശാല സെനറ്റ് മെമ്പറായി ജയിച്ച് വന്നത്. പിന്നീട് വിദ്യാര്‍ഥി രംഗത്തുനിന്ന് യുവജന രംഗത്തേക്ക് അദ്ദേഹം ചുവട് വെച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുദ്രാവാക്യവും ശൈലിയും കേരളത്തിലെ ചെറുപ്പക്കാരെ ഇളക്കി മറിക്കുന്നതായിരുന്നു.
ഏകകക്ഷി ഭരണമെന്ന കാര്‍ത്തികേയന്റെ അന്നത്തെ മുദ്രാവാക്യം കേരളത്തിലെ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതായിരുന്നു. ഘടക കക്ഷികള്‍ക്ക് അതില്‍ ഒരുപാട് പ്രതിഷേധം ഉണ്ടായിരുന്നെങ്കില്‍ പോലും കെ കരുണാകരന്‍ അന്ന് ഈ മുദ്രാവാക്യവുമായി മുന്നോട്ടുപോകാന്‍ കാര്‍ത്തികേയനും കോണ്‍ഗ്രസിനും എല്ലാ പിന്തുണയും നല്‍കി എന്നതാണ് സത്യം. 1977ല്‍ കെ എസ് യുവിന് നഷ്ടപ്പെട്ട കേരള സര്‍വകലാശാല യൂനിയന്‍ 1982ല്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞപ്പോള്‍ അന്ന് എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന കാര്‍ത്തികേയന്‍ നഗരത്തില്‍ കൂടി ജാഥ നയിച്ചത് ഇന്നും എന്റെ മനസ്സില്‍ ആവേശത്തോടെ തുടിച്ച് നില്‍ക്കുന്നു. 1988ല്‍ ജന്മനാടായ വര്‍ക്കലയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും 1982ല്‍ നോര്‍ത്തില്‍ നിന്ന് അദ്ദേഹം ജയിച്ചുവന്നു. പിന്നീട് ആര്യനാട് നിയോജക മണ്ഡലത്തില്‍ ജനങ്ങളുടെ പൂര്‍ണ അംഗീകാരത്തോടെ വര്‍ഷങ്ങളായി ഒരു ജനകീയ മുഖത്തോടെയാണ് അദ്ദേഹം എം എല്‍ എയായി പ്രവര്‍ത്തിച്ചുവന്നത്.
സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുകയും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കാപട്യമില്ലാതെ അവതരിപ്പിക്കുകയും എടുത്ത നിലപാടില്‍നിന്നും പിറകോട്ട് പോകാന്‍ തയ്യാറാകാത്തതും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്. രാഷ്ട്രീയം മാത്രമല്ല കലാസാഹിത്യ രംഗത്തെക്കുറിച്ചും തന്റേതായ വീക്ഷണവും അഭിപ്രായങ്ങളും അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വേദികളില്‍ ആവേശവും തീപ്പൊരിയും വാരിവിതറിക്കൊണ്ടാണ് ജി കെ എന്നും മുന്നോട്ട് പോയിട്ടുള്ളത്. ഒരു ഘട്ടത്തില്‍ തിരുത്തല്‍വാദം ഉണ്ടായി ലീഡര്‍ കെ കരുണാകരനോട് പിരിയേണ്ടി വന്നെങ്കിലും ലീഡറുടെ അവസാന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഇഷ്ടക്കാരനായി വര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് ബന്ധങ്ങള്‍ക്ക് അദ്ദേഹം വിലകല്‍പ്പിക്കുന്നു എന്നതിന്റെ തെളിവാണ്. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ കെ എസ് യുവില്‍കൂടി കടന്നുവന്ന വ്യക്തിത്വങ്ങളാണ് ഇന്ന് കോണ്‍ഗ്രസിന്റെ താഴെ തട്ടുമുതല്‍ കെ പി സി സി വരെയുള്ള നേതാക്കന്മാരും മന്ത്രിമാരും.
കേരളത്തിലെ വിദ്യാര്‍ഥി ചരിത്രത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു കാലഘട്ടം സംഭാവന ചെയ്തിട്ടാണ് ജി കാര്‍ത്തികേയന്‍ വിട്ടുപോകുന്നത്. ഇനിയും പൂര്‍ത്തീകരിക്കാത്ത ഒരുപാട് സ്വപ്‌നങ്ങളും ആഗ്രഹങ്ങളും അവശേഷിക്കുന്നുണ്ടെങ്കില്‍ പോലും കേരള രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന സമയത്താണ് ജി കാര്‍ത്തികേയന്‍ വിട്ടുപിരിയുന്നത്. വ്യക്തിപരമായി എനിക്ക് എന്റെ ജ്യേഷ്ഠ സമാനനായി കണ്ടിരുന്ന ഒരു രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായത്. ഓര്‍മയോടെ അദ്ദേഹത്തിന്റെ കുടുബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തോടൊപ്പം ഞാനും പങ്കു ചേരുന്നു.