Connect with us

National

കല്‍ക്കരിപ്പാടം ലേലം: മൂന്നാം ദിനം നേടിയത് 12,591 കോടി രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ലേലത്തിന്റെ മൂന്നാം ദിനം സര്‍ക്കാര്‍ നേടിയത് 12,591 കോടി രൂപ. ഹിന്‍ഡാല്‍ക്കോ, ജിന്‍ഡാല്‍ പവര്‍, ഇന്ദ്രജിത് പവര്‍ എന്നിവക്കാണ് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയത്.
അത്യന്തം മത്സരം നിറഞ്ഞ ലേലത്തില്‍ ഹിന്‍ഡാല്‍ക്കോ ഇന്‍ഡസ്ട്രീസ് കരസ്ഥമാക്കിയത് ഝാര്‍ഖണ്ഡിലെ ദുമ്‌രി കല്‍ക്കരി പാടമാണ്. ചത്തീസ്ഗഢിലെ താരാ പാടം ജിന്‍ഡാല്‍ പവറും മഹാരാഷ്ട്രയിലെ നീരദ് മാലേഗാവ് പാടം ഇന്ദ്രജിത് പവറും നേടി. ഒരു ടണ്ണിന് 660 എന്ന ഉയര്‍ന്ന നിരക്കാണ് ഇന്ദ്രജിത്ത് പവര്‍ നീരദ് മലേഗാവിന് വേണ്ടി വിളിച്ചത്. ടണ്ണിന് 2,127 രൂപ വിളിച്ച് ദുമ്‌രി പാടത്തിന്റെ കാര്യത്തില്‍ ഹിന്‍ഡാല്‍ക്കോ മുന്നിലെത്തി. താരായില്‍ നിന്നുള്ള കല്‍ക്കരിക്ക് ടണ്ണൊന്നിന് 126 രൂപയാണ് ജിന്‍ഡാല്‍ വിളിച്ചതെന്ന് കല്‍ക്കരി സെക്രട്ടറി അനില്‍ സ്വരൂപ് ട്വീറ്റ് ചെയ്തു.
ഈ മൂന്ന് പാടങ്ങളില്‍ നിന്നുമായി മൊത്തം സര്‍ക്കാര്‍ ഖജനാവില്‍ എത്താന്‍ പോകുന്നത് 12,591 കോടി രൂപയാണ്. ഇന്ന് പുനരാരംഭിക്കുന്ന ലേലത്തില്‍ മൂന്ന് കല്‍ക്കരി പാടങ്ങള്‍ കൂടി ആര് കൈകാര്യം ചെയ്യുമെന്ന് വ്യക്തമാകും. ഉയര്‍ന്ന ലേല വിലയും പാടങ്ങളിലെ കല്‍ക്കരി ഉത്പാദന ക്ഷമതയും പരിഗണിച്ചാണ് മൊത്തം വരവ് നിശ്ചയിക്കുന്നത്.