നയപ്രഖ്യാപനം പ്രഹസനം: കോടിയേരി

Posted on: March 7, 2015 4:52 am | Last updated: March 6, 2015 at 11:52 pm
SHARE

തിരുവനന്തപുരം: അവാസ്തവവും സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ വിലയിരുത്തല്‍ പോലും ഇല്ലാത്ത ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രഹസനമായെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ജനങ്ങള്‍ നേരിടുന്ന നിരവധി ദുരിതങ്ങളെ കാണാനോ അതിന് പരിഹാരം നിര്‍ദേശിക്കാനോ ഉതകുന്നതൊന്നും നയപ്രഖ്യാപനത്തില്‍ ഇല്ല. എല്‍ ഡി എഫ് ഗവണ്‍മെന്റ് നടപ്പിലാക്കിയ പല പദ്ധതികളും തങ്ങളുടേതാക്കി അവതരിപ്പിക്കുന്ന സ്ഥിതിയും പ്രസംഗത്തില്‍ കാണുന്നഅവാസ്തവമായ നിരവധി പ്രസ്താവനകളുടെ കൂട്ടായ്മ കൂടിയായിരുന്നു പ്രഖ്യാപനം.
നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച ദേശീയ ഗെയിംസിന്റെ സംഘാടനത്തെയാണ് മികച്ച തായി ചിത്രീകരിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പദ്ധതി ചെലവ് 50 ശതമാനം പോലും നടത്താന്‍ കഴിയാതിരിക്കെ വികസന പ്രവര്‍ത്തനങ്ങള്‍ മൂലം സംസ്ഥാനം ദൈവത്തിന്റെ സ്വന്തം നാടായി എന്ന് പറയുന്ന നയപ്രഖ്യാപന പ്രസംഗത്തെ കേരളീയര്‍ ഒരു ഫലിതമായി മാത്രമേ കാണുകയുള്ളൂ. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന് പറഞ്ഞ് അപേക്ഷ വാങ്ങിച്ചതല്ലാതെ ബഹുഭൂരിപക്ഷം പേര്‍ക്കും അത് ലഭിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നതാണ് വസ്തുത. എന്നിട്ടും ആ പദ്ധതിയുടെ മേന്മയെ കുറിച്ചാണ് ഇതില്‍ പറഞ്ഞിരിക്കുന്നതെന്നും കോടിയേരി ചൂണ്ടികാട്ടി.