Connect with us

Kerala

ശുചിത്വ മിഷനിലെ ഇന്‍സിനറേറ്റര്‍: വിജിലന്‍സ് അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: ശുചിത്വമിഷന്‍ ഇന്‍സിനറേറ്റര്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ ക്വിക്ക് വേരിഫിക്കേഷന്‍ നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഇത്തരവിട്ടു. വി ശിവന്‍കുട്ടി എം എല്‍ എ, എ ഡി ജി പി ക്ക് നല്‍കിയ പരാതിയിലാണ് നടപടി.
ശുചിത്വ മിഷന്‍ സിഡ്‌കോ മുഖേന 2.19 കോടി രൂപ വിനിയോഗിച്ച് മൊബൈല്‍ ഇന്‍സിനിറേറ്റര്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് വി ശിവന്‍കുട്ടി എം എല്‍ എ പരാതി നല്‍കിയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എം എല്‍ എയില്‍ നിന്ന് കഴിഞ്ഞ ദിവസം വിവരങ്ങള്‍ നേരിട്ട് ശേഖരിച്ചിരുന്നു.
തലസ്ഥാന നഗരത്തിലെ മാലിന്യ സംസ്‌കരണം നടത്തുന്നതിനായാണ് ക്ലീന്‍ കേരള മിഷന്‍ വഴി ശുചിത്വമിഷന്‍ മൊബൈല്‍ ഇന്‍സിനറേറ്റര്‍ വാങ്ങിയത്. ഇതിനായി വാങ്ങുന്നതിനായി ശുചിത്വ മിഷന്റെ മുന്‍ ഡയറക്ടര്‍ ജര്‍മനി, മലേഷ്യ എന്നീ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഈ ഇന്‍സിനറേറ്റര്‍ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റിയില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുകയാണ്. വമ്പിച്ച ആഘോഷത്തോടെയാണ് ഇന്‍സിനറേറ്ററിനെ മന്ത്രിമാര്‍ കേരളാതിര്‍ത്തിയിലേക്ക് സ്വീകരിച്ചു കൊണ്ടുവന്നത്. ഇതൊന്നു പരിശോധിക്കാന്‍ പോലും ഇതുവരെ ശുചിത്വമിഷന്‍ തയ്യാറായിട്ടില്ല.
ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനായി ഒരു ദിവസം പതിനാറായിരം രൂപ കമ്പനിക്ക് വാടകയിനത്തില്‍ നല്‍കുകയും പതിനയ്യായിരം രൂപ ഡീസലിനായി ചെലവഴിക്കുകയും വേണം. ഇക്കാര്യങ്ങളൊന്നും തന്നെ സാങ്കേതികമായി പരിശോധിക്കാതെയാണ് ഇന്‍സിനറേറ്റര്‍ വാങ്ങിയതെന്ന പരാതി വ്യാപകമാണ്. ഇന്‍സിനിറേറ്റര്‍ വാങ്ങിയതിലെ അഴിമതിയെ സംബന്ധിച്ചും മുന്‍ ഡയറക്ടറുടെ വിദേശയാത്രയെ കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ശിവന്‍കുട്ടി എം എല്‍ എ പരാതി നല്‍കിയത്.