ഭക്ഷണ ശീലങ്ങള്‍ക്ക് മേലുള്ള ഭരണകൂട നിയന്ത്രണം: പ്രതിഷേധക്കൂട്ടായ്മയുമായി നവമാധ്യമങ്ങളില്‍’ബീഫ് സേവാസംഘം’

Posted on: March 7, 2015 4:46 am | Last updated: March 6, 2015 at 11:46 pm
SHARE

കണ്ണൂര്‍: ഭക്ഷണ ശീലങ്ങള്‍ക്ക് മേലുള്ള ഭരണകൂട നിയന്ത്രണങ്ങള്‍ക്കെതിരെ നവമാധ്യമങ്ങളിലും പ്രതിഷേധം. മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നവമാധ്യമങ്ങളില്‍ ബീഫ് മാംസാഹാരികള്‍ പുതിയ കൂട്ടായ്മക്ക് രൂപം നല്‍കി പ്രതിഷേധിക്കുന്നത്.ബീഫ് സേവാ സംഘം എന്ന പേരില്‍ പുതിയ പേജ് തുടങ്ങിയാണ് ഭക്ഷണശീലങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം തീര്‍ത്തു തുടങ്ങിയത്. ആഹാര ശീലങ്ങള്‍ക്ക്‌മേലുള്ള നിയന്ത്രണം ഗൗരവതരമായൊരു സൂചനയാണെന്ന മുന്നറിയിപ്പാണ് പേജിന്റെ ആരംഭത്തില്‍ കുറിച്ചിട്ടുള്ളത്. അതിവിദൂരമല്ലാതെ, ഉത്തരവുകളുടെ സ്റ്റീം റോളറുകള്‍ വേഷവിധാനങ്ങള്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്ന ആവിഷ്‌കാര, അഭിപ്രായ, മത സ്വാതന്ത്ര്യങ്ങള്‍ക്കും മീതെ ചുറ്റിക പായിക്കുമെന്ന് ചൂണ്ടിക്കാട്ടുന്ന പേജില്‍ ബീഫ് നിരോധത്തിനെതിരെയുള്ള പരിഹാസ ശരങ്ങളുടെ ഒരു വലിയ കെട്ടു തന്നെയുണ്ട്. മനുഷ്യനെ ആശ്രയിച്ചു കഴിയുന്ന മൃഗം എങ്ങനെ മനുഷ്യന്റെ ദൈവം ആകുമെന്ന് തുടങ്ങി, ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും ഭക്ഷിക്കാവുന്ന ഏതു മൃഗങ്ങളുടെയും മാംസം മനുഷ്യന് ഭക്ഷിക്കാവുന്നതാണെന്ന മനുസ്മൃതിയിലെ ശ്ലോകമടക്കം ഉദ്ധരിച്ചാണ് മാംസാഹാരത്തെ ഫേസ്ബുക്ക് പേജ് ന്യായീകരിക്കുന്നത്. അതോടൊപ്പം ഭക്ഷണ ഫാസിസത്തെ എതിര്‍ക്കാന്‍ മലയാളികള്‍ അടിയന്തരമായി ഒരു പോത്തിറച്ചി തീറ്റ ഉത്സവം സംഘടിപ്പിക്കണമെന്നും ബീഫ് സേവാസംഘം നിര്‍ദേശിക്കുന്നുണ്ട്. ‘ഞാനെന്തു തിന്നണം എന്ന് ഞാന്‍ തീരുമാനിക്കും, അത് കണ്ടവന്‍ തീരുമാനിക്കണ്ട’ എന്ന് അടിവരയിട്ട് പറയുന്ന ഫേയ്‌സ്ബുക്ക് പേജില്‍ സമകാലീന വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഗോമാംസത്തിന്റെ ആയുര്‍വേദ വിധി പ്രകാരമുള്ള പ്രത്യേകതയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ശ്വാസരോഗം, കാസം, വിഷമജ്വരം എന്നിവയെ പശുവിന്റെ ഇറച്ചി ഇല്ലാതാക്കുമെന്ന് പറയുന്ന സുശ്രുതന്‍ കായികാധ്വാനം കൂടിയവര്‍ക്കും അത്യഗ്‌നി (ഗ്യാസ്‌െ്രെടറ്റിസ്, ഹൈപ്പര്‍ തൈറോയിഡിസം), വാതാധിക്യം എന്നിവയുള്ളവര്‍ക്കും ഇത് നല്ലതാണെന്നു സൂചിപ്പിക്കുന്നുണ്ട്.
പോത്തിന്‍ മാംസത്തെപ്പറ്റിയുമുണ്ട് വിശേഷം. അത് സ്‌നിഗ്ധമാണ്, ഉഷ്ണവീര്യമാണ്, മധുരരസമുള്ളതുമാണ്. ശരീരത്തെ അത് തടിപ്പിക്കും. ഉറക്കം, സംഭോഗശക്തി, മുലപ്പാല്‍ എന്നിവ വൃദ്ധിപ്പെടുമെന്നും മാംസം ദൃഢമാക്കുമെന്നുമുള്ള സുശ്രുതന്റെ പ്രസ്താവന വായിച്ചുകഴിയുമ്പോള്‍ ബീഫ് നിരോധനത്തിനു വേണ്ടി മുറവിളികൂട്ടുന്ന ‘ഭാരതപൈതൃക’ അവകാശികള്‍ വാളെടുക്കാതിരിക്കുമോ? എന്ന ചോദ്യവും പേജ് രൂപകല്‍പ്പന ചെയ്തവര്‍ മുന്നോട്ടു വെക്കുന്നുണ്ട്. ഒരു ദിവസം കൊണ്ട് മൂവായിരത്തില്‍പരം പേര്‍ ലൈക്ക് ചെയ്ത പേജില്‍, ‘ ഈ പേജ് ലൈക്ക് ചെയ്യുന്ന എല്ലാ ബീഫ് പ്രേമികള്‍ക്കും ഓരോ കിലോ ബീഫ് ഫ്രീ’ നല്‍കുമെന്ന കുറിപ്പു കൂടി ഒടുവിലായി ചേര്‍ത്തിട്ടുണ്ട്. ഫേസ്ബുക്കിനു പുറമെ വാട്ട്‌സ് ആപ്പിലും ബീഫ് നിരോധത്തിനെതിരെ പലവിധ പ്രതികരണങ്ങളുയര്‍ന്നിട്ടുണ്ട്.