Connect with us

National

വിവാദ ഡോക്യുമെന്ററിയുടെ നിരോധം പിന്‍വലിക്കണം: എഡിറ്റേഴ്‌സ് ഗില്‍ഡ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി പീഡനവുമായി ബന്ധപ്പെട്ട ബി ബി സി ഡോക്യുമെന്ററിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം പിന്‍വലിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
പ്രതിയുടെ വാക്കുകള്‍ മാത്രമല്ല ഡോക്യുമെന്ററിയിലുള്ളത്. കടുത്ത ആഘാതമേറ്റ ഒരു കുടുംബം അത്യന്തം ധീരമായി ആ ദുരന്തങ്ങളെ അതിജീവിച്ചതും ആ അനുഭവങ്ങള്‍ പൊതു സമൂഹത്തോട് അങ്ങേയറ്റത്തെ ആര്‍ജവത്തോടെ പങ്കുവെക്കുന്നതും അതിലുണ്ട്. മാത്രമല്ല, അഭിഭാഷകര്‍ അടക്കമുള്ള വിദ്യാസമ്പന്നര്‍ പോലും സ്ത്രീകളെ എങ്ങനെയാണ് കാണുന്നതെന്നും അത് തുറന്ന് കാണിക്കുന്നു- ഗില്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിരോധത്തില്‍ സര്‍ക്കാറിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ സ്ത്രീകളുടെ അന്തസ്സും സുരക്ഷയും സംബന്ധിച്ച് ഡോക്യുമെന്ററി മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യാനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.
കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന മുകേഷ് സിംഗ് എന്ന പ്രതിയുടെ വാക്കുകളാണ് ഡോക്യുമെന്ററിയെ വിവാദ കേന്ദ്രമാക്കിയത്. പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് ഉത്തരവാദി പെണ്‍കുട്ടി തന്നെയാണെന്ന് പ്രതി പറയുന്നുണ്ട്. ഒച്ചവെക്കാതെ വഴങ്ങിയിരുന്നെങ്കില്‍ കൊല്ലില്ലായിരുന്നുവെന്നാണ് അയാള്‍ പറയുന്നത്. പണ്ടൊക്കെ സ്ത്രീകള്‍ ബലാത്സംഗത്തിനിരയായാല്‍ പുറത്ത് പറയുമായിരുന്നില്ലെന്നും ഈ സ്ഥിതി മാറിയതിനാലാണ് കൊല്ലപ്പെടുന്നതെന്നും ബ്രിട്ടീഷ് സംവിധായിക ലെസ്‌ലി ഉഡ്വിനോട് പ്രതി പറയുന്നു. “നിര്‍ഭയ”യെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിനെ നിര്‍ലജ്ജം ന്യായീകരിക്കുന്ന പ്രതിയുടെ വാക്കുകള്‍ അടങ്ങിയ ഡോക്യുമെന്ററി ഒരു നിലക്കും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇത്തരം ആളുകള്‍ക്ക് സ്ത്രീകളോടുള്ള മനോഭാവം പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യാന്‍ ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററി എല്ലാവരും കാണണമെന്നാണ് മറുപക്ഷം വാദിക്കുന്നത്.

Latest