Connect with us

Kerala

കാനത്തിന്റെ നോക്കുകൂലി അനുകൂല നിലപാടിനെതിരെ മന്ത്രി ഷിബു

Published

|

Last Updated

തിരുവനന്തപുരം: തൊഴില്‍നഷ്ട വേതനമാണ് നോക്കുകൂലിയായി തൊഴിലാളികള്‍ സ്വീകരിക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായം തികച്ചും നിരുത്തരവാദപരവും അപക്വവുമാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍. നോക്കുകൂലി ഇന്ന് സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഒരു മാരക വിപത്താണ്. ഇത് യഥാര്‍ഥ തൊഴിലാളികളുടെ അന്തസ്സിനെപ്പോലും ബാധിച്ചിരിക്കുന്ന വേളയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും തൊഴിലാളി നേതാക്കളും നോക്കുകൂലി അവകാശമാണെന്ന് പ്രഖ്യാപിക്കുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. തൊഴിലെടുക്കാതെ വേതനം പറ്റാന്‍ ആര്‍ജവമുള്ള ഒരു തൊഴിലാളിയും തയ്യാറാവുകയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചരിത്രവും നിലനില്‍പ്പും ഇത്തരത്തില്‍ ആര്‍ജവമുള്ള തൊഴിലാളികളുടെ പിന്തുണ നേടിക്കൊണ്ടാണ്. അതിനെ ഇല്ലാതാക്കുന്ന തരത്തിലുള്ള അവകാശവാദമാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉയര്‍ത്തിയിരിക്കുതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
തൊഴിലെടുക്കാതെ കൂലി പറ്റാന്‍ ശ്രമിക്കുന്നത് പിടിച്ചുപറിക്ക് തുല്യമാണ്. യന്ത്രവത്കരണം കൊണ്ടുണ്ടായ തൊഴില്‍ നഷ്ടം പരിഹരിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണ് വേണ്ടത്. നോക്കുകൂലി എന്നാല്‍ തൊഴില്‍ നഷ്ട വേതനമെന്ന് വിവക്ഷിക്കുന്നത് തൊഴിലാളി വിരുദ്ധ നിലപാടാണ്. തൊഴില്‍നഷ്ടമുണ്ടായാല്‍ അത് പരിഹരിക്കാന്‍ തൊഴിലാളി സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുസമൂഹവും ഒത്തുചേര്‍ന്ന് പരിശ്രമിക്കണം.
നോക്കുകൂലി എന്ന അനഭിലഷണീയമായ പ്രക്രിയക്കെതിരെ നിലപാട് സ്വീകരിക്കേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തൊഴിലാളി സംഘടനാ നേതാക്കളുമാണ്. അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ തൊഴിലാളി സമൂഹത്തിന് ഗുണകരമാവില്ലെന്നും മന്ത്രി പറഞ്ഞു.