Connect with us

Kerala

വയനാട്ടില്‍ കുരങ്ങുപനി: ആശാ വര്‍ക്കര്‍ മരിച്ചു

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുപനി മരണം അഞ്ചായി. കഴിഞ്ഞ ഫെബ്രുവരി 27ന് പനിമൂലം മരിച്ച കുപ്പാടി കയ്യാലക്കല്‍ സുലൈഖയുടെ മരണം കുരങ്ങുപനി മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിതോടെയാണ് മരണ സംഖ്യ കൂടിയത്.കോഴിക്കോട് മെഡിക്കല്‍ കോളജ് വെച്ചാണ് മരിച്ചത്്. സുല്‍ത്താന്‍ ബത്തേരി പഞ്ചായത്തിലെ ആശാവര്‍ക്കറായിരുന്നു സുലൈഖ.പനിബാധിക്കുന്നതിന്നു ഏതാനും ദിവസം മുമ്പ് കുരങ്ങ് പനി ബാധിച്ച സ്ഥലങ്ങളില്‍ ഇവര്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയിരുന്നു.
കുരങ്ങുപനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നത് ജനങ്ങളില്‍ ഭീതി ഏറ്റിയിട്ടുണ്ട്. വനമേഖലയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ കുരങ്ങ് ശല്യം കൂടുതലാണ്. പലസ്ഥലങ്ങളിലും കുരങ്ങ് ചത്തുകിടക്കുന്നത് കണ്ട് ബന്ധപെട്ടവരെ വിവരം അറിയിച്ചാല്‍ അവരെത്തി ചത്തകുരങ്ങിനെ സ്ഥലത്ത് നിന്നും നീക്കം ചെയ്യുകയോ ജഢം കത്തിച്ചുകളയുകയോ ചെയ്യുകമാത്രമാണ് ചെയ്യുന്നത്. തുടര്‍ നടപടിക്രമങ്ങളോ സുരക്ഷാമുന്‍കരുതലുകളോ എടുക്കുന്നില്ല എന്നതും പ്രദേശവാസികളില്‍ കടുത്ത ആക്ഷേപത്തിനു ഇടയാക്കിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ 92 കുരങ്ങ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ കുരങ്ങുപനിയാണന്ന് ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആണ്. ഇതില്‍പെട്ട അഞ്ചുപേരാണ് മരണപ്പെട്ടത്. നിലവില്‍ കുരങ്ങുപനി ബാധിച്ച് 20 പേര്‍ ചികിത്സയിലാണ്. രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റ് 18പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലുമായാണ് ചികിത്സയിലുള്ളത്. ഇതിനിടെ ഇന്നലെ വടക്കനാട് അണ്ണിമൂല നായിക്കകോളനിയിലെ മാതി(60)മരിച്ചിരുന്നു. മാതിയുടെ മരണം കുരങ്ങ്പനിബാധിച്ചാണന്ന് സംശയമുണ്ട്. എന്നാല്‍ ഇത് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പനി മൂലം കഴിഞ്ഞ അഞ്ച് ദിവസമായി മാതി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെവെച്ചാണ് മരിച്ചത്.
ആദ്യം കുരങ്ങ്പനി മൂലം മരണം റിപ്പോര്‍ട്ട് ചെയ്തത് പുല്‍പ്പള്ളി ദേവര്‍ഗദ്ദ കാട്ടുനായിക്ക കോളനിയിലാണ്. തുടര്‍ന്ന് ഈ കോളനിയില്‍ തന്നെ ഒരാള്‍കൂടി കുരങ്ങ്പനി ബാധിച്ചു മരിച്ചു. പിന്നീട് ചീയമ്പം 73ല്‍ രണ്ട് പേര്‍ മരണപെട്ടത് കുരങ്ങ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്തതോടെ നിര്‍ത്തിയിരുന്ന തൊഴിലുറപ്പ് പദ്ധതി ഇന്നലെയാണ് വീണ്ടും ആരംഭിച്ചത്.