ജയില്‍ ഡി ജി പി തൊഴില്‍ അവസാനിപ്പിച്ച് വിവേചനം ഇല്ലാതാക്കണം: ഹൈക്കോടതി

Posted on: March 6, 2015 6:00 am | Last updated: March 5, 2015 at 11:16 pm
SHARE

കൊച്ചി: പോലീസ് സേനയില്‍ സമ്പന്നരും പാവപ്പെട്ടവരുമെന്ന തരത്തില്‍ വിവേചനമുണ്ടെന്ന് കരുതുന്നെങ്കില്‍ ജയില്‍ ഡി ജി പി. ടി പി സെന്‍കുമാര്‍ തൊഴില്‍ അവസാനിപ്പിച്ച് ഈ വിവേചനം ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി. ചലച്ചിത്ര താരം കലഭാവന്‍ മണി പ്രതിയായ കേസുമായ ബന്ധപ്പെട്ട് സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പോലീസ് സേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് ചേര്‍ന്നതല്ലെന്നും ജസ്റ്റിസ് ബി കമാല്‍പാഷ വിലയിരുത്തി. കേസില്‍ തനിക്കെതിരെ കോടതി നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. അന്വേഷണത്തിലിരിക്കുന്ന കേസിലാണ് പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥനായ ഹരജിക്കാരന്‍ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്ക് മുതിരരുതായിരുന്നുവെന്നും കോടതി വിലയിരുത്തി. ടി പി സെന്‍കുമാറിന്റെ പ്രസംഗം അടങ്ങുന്ന ഡി വി ഡി പരിശോധിച്ചതില്‍ നിന്നും കലാഭവന്‍ മണി സമൂഹത്തിലെ താഴെ തട്ടില്‍ നിന്നുള്ള ആളായതിനാലാണ് പോലീസ് വിവേചനം കാട്ടുന്നതെന്ന് പറഞ്ഞതായി വ്യക്തമാകുന്നതായി കോടതി ചൂണ്ടിക്കാട്ടി.