എസ് എസ് എല്‍ സി: കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

Posted on: March 5, 2015 10:27 am | Last updated: March 5, 2015 at 10:27 am
SHARE

കല്‍പ്പറ്റ: ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 11840 കുട്ടികള്‍. കൂടുതല്‍ പേര്‍ ആണ്‍കുട്ടികളാണ്, 5940 പേര്‍. 81 സെന്ററുകളിലായി നടക്കുന്ന പരീക്ഷയില്‍ 5900 പെണ്‍കുട്ടികളും പരീക്ഷ എഴുതും.
908 ആണ്‍കുട്ടികളും 960 പെണ്‍കുട്ടികളും ഉള്‍പ്പെടെ 1868 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുമുണ്ട്. 378 ആണ്‍കുട്ടികളും 388 പെണ്‍കുട്ടികളുമുള്‍പ്പെടെ 766 പട്ടിക ജാതി വിദ്യാര്‍ഥികളും 55 ആണ്‍കുട്ടികളും 30 പെണ്‍കുട്ടികളുമുള്‍പ്പെടെ 85 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷക്കിരിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് 486 പേര്‍. ഇതില്‍ 248 ആണ്‍കുട്ടികളും 238 പെണ്‍കുട്ടികളുമാണ്. ഏറ്റവും കുറവ് കരിങ്കുറ്റി ഗവ. ഹൈസ്‌കൂളിലും. ആറ് ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളും ഉള്‍പ്പെടെ 17 കുട്ടികള്‍. ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് പനമരം ഗവ. ഹൈസ്‌കൂളിലാണ് 84 പേര്‍. മീനങ്ങാടി ജിഎച്ച്എസില്‍ 82 പേരും കല്ലൂര്‍ ഹൈസ്‌കൂളില്‍ 62 പേരും കണിയാമ്പറ്റയില്‍ 58 പട്ടിക വര്‍ഗ വിദ്യാര്‍ഥികളും പരീക്ഷ എഴുതും. ദ്വാരക സേക്രട്ട് ഹാര്‍ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്ന രണ്ടാമത്തെ കേന്ദ്രം. ഇതില്‍ 210 പേര്‍ ആണ്‍കുട്ടികളും 208 പെണ്‍കുട്ടികളുമാണ്. കണിയാരം ജികെഎംഎച്ച്എസില്‍ 413 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.195 ആണ്‍കുട്ടികളും 218 പെണ്‍കുട്ടികളും. ഈ വര്‍ഷം രണ്ട് സെന്ററുകള്‍ അധികമുണ്ട്. അതിരാറ്റ്കുന്ന്, വാരാമ്പറ്റ സ്‌കൂളുകളിലാണ് ഈ വര്‍ഷം പുതുതായി പരീക്ഷ നടക്കുന്നത്. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ്, പനമരം ക്രസന്റ്, തൃക്കൈപ്പറ്റ സ്‌കൂളുകളിലാണ് പരീക്ഷ സെന്റുറുകളില്ലാത്തത്. ഇവര്‍ യഥാക്രമം മീനങ്ങാടി ഗവ. ഹൈസ്‌കൂള്‍, പനമരം, മുട്ടില്‍ ഡബഌൂഎംഒ എന്നിവിടങ്ങളിലാണ് പരീക്ഷ എഴുതുക. പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിഇഒ അറിയിച്ചു. സ്‌കൂളുകളെ 17 ക്ലസ്റ്ററുകളായി തിരിച്ചാണ് പരീക്ഷ നടത്തുന്നത്. ചോദ്യ പേപ്പറുകള്‍ തിങ്കളാഴ്ച വിതരണം ചെയ്തു. പരീക്ഷ ഡെപ്യുട്ടി സൂപ്രന്‍ഡുമാര്‍ ഏറ്റുവാങ്ങിയ ചോദ്യ പേപ്പറുകള്‍ ട്രഷറികളിലാണ് സൂക്ഷിക്കുന്നത്. പരീക്ഷയുടെ അന്ന് രാവിലെ ഒമ്പതിന് ചോദ്യപേപ്പറുകള്‍ പൊലീസ് അകമ്പടിയോടെ സ്‌കൂളുകളിലെത്തിക്കും. ഒമ്പതിന് തുടങ്ങുന്ന പരീക്ഷയ്ക്ക് 710 ഇന്‍വിജിലേറ്റര്‍മാര്‍ മേല്‍നോട്ടം വഹിക്കും. പ്രധാനധ്യാപകനാണ് ചീഫ് സുപ്രണ്ട്. എല്ലാ ദിവസവും പകല്‍ 1.45 മുതല്‍ 3.30 വരെയാണ് പരീക്ഷ. ചില പരീക്ഷകള്‍ 4.30 വരെയും 3 മണി വരെയുമായും നിശ്ചയിച്ചിട്ടുണ്ട്. 23ന് നടക്കുന്ന ഐടി പരീക്ഷയാണ് അവസാന വിഷയം.