ഉല്‍ക്കാ ശകലങ്ങള്‍; പ്രതീക്ഷയോടെ ശാസ്ത്രലോകം

Posted on: March 5, 2015 5:58 am | Last updated: March 4, 2015 at 11:59 pm
SHARE

chn-ulka photoകൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായ തീഗോളത്തിന്റെ ഭാഗമെന്ന് കരുതപ്പെടുന്ന ഉല്‍ക്കാ ശകലങ്ങളെക്കുറിച്ച് ജിയോളജി വകുപ്പില്‍ പഠനങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഗവേഷക വിദ്യാര്‍ഥികള്‍ പ്രതീക്ഷയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് ദൃശ്യമായ തീഗോളം ഉല്‍ക്കാ വര്‍ഷം തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.
വിവിധ സ്ഥലങ്ങളില്‍ നിന്ന് ഉല്‍ക്കയു ടെതെന്ന് കരുതപ്പെടുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയില്‍ നിന്ന് കണ്ടെത്തിയ 600 ഗ്രാം തൂക്കമുള്ള വസ്തു മാത്രമാണ് ഉല്‍ക്കയുടെ ഭാഗമെന്നാണ് കരുതപ്പെടുന്നത്. ഈ വസ്തു ഏറ്റെടുത്ത റവന്യൂ അധികൃതര്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. ജി എസ് ഐയുടെ ഹൈദരാബാദ് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്ന വസ്തു ബോളിഡ് ഉല്‍ക്കയുടെ ഭാഗമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉല്‍ക്കാ ശകലമാണിതെന്ന് ശരിവെക്കുന്ന നിരവധി തെളിവുകളാണ് പ്രാഥമിക നിഗമനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പ്രാഥമിക പരിശോധനയില്‍ ഇരുമ്പയിരിന്റെയും നിക്കലിന്റെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൈപ്പത്തിയോളം മാത്രം വലിപ്പമുള്ള വസ്തുവിന്റെ ഭാരം ഇത്രയും വലിപ്പമുള്ള മറ്റു വസ്തുക്കളേക്കാള്‍ കൂടുതലാണ്. ഉല്‍ക്കാ ശകലങ്ങളില്‍ കാണപ്പെടുന്ന സുഷിരങ്ങള്‍, പ്രതലത്തിന്റെയും വക്കുകള്‍ പൊട്ടിയുള്ള പൊടിയുടെ തിളക്കം, കല്ലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇരുമ്പിന്റെ സാന്നിധ്യം തുടങ്ങിയ ലക്ഷണങ്ങള്‍ ഉല്‍ക്കാശകലം തന്നെയാണിതെന്ന നിഗമനത്തിന് സാധ്യത വര്‍ധിപ്പിക്കുകയാണ്.
ജിയോളജി വകുപ്പിന്റെ പരിശോധനയില്‍ ഉല്‍ക്കാ ഭാഗമെന്ന് തെളിഞ്ഞാല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകാലാശാല, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ദുരന്ത നിവാരണ അതോറ്റിറ്റി, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം എന്നീ സ്ഥാപനങ്ങള്‍ക്ക് പഠനങ്ങള്‍ക്കായി ഉല്‍ക്കയുടെ ഭാഗം നല്‍കണമെന്ന് റവന്യൂ വകുപ്പ് ജി എസ് ഐയോട് അഭ്യാര്‍ഥിച്ചിട്ടുണ്ട്.
കേരളത്തില്‍ സംഭവിച്ച ഈ അത്യപൂര്‍വ ഉല്‍ക്കാ വര്‍ഷം പുതിയ പഠനങ്ങള്‍ക്ക് വഴി തുറക്കുമെന്നാണ് ശാസ്ത്ര വിദ്യാര്‍ഥികള്‍ കരുതുന്നത്. ഉല്‍ക്കാ ശകലത്തെക്കുറിച്ച് തുടര്‍ പഠനങ്ങള്‍ തുടരുന്നതിനിടെ ശാസ്ത്രലോകവും ഗവേഷണ വിദ്യാര്‍ഥികളും ആകാംക്ഷയിലാണ്. പ്രാഥമിക നിഗമനത്തില്‍ തന്നെ ലോഹസാന്നിധ്യമുള്ള കുറുപ്പംപടിയിലെ വസ്തു പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള ഏതെങ്കിലും വിവരങ്ങള്‍ക്ക് വെളിച്ചം പകരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.