Connect with us

Ongoing News

രാമക്കല്‍മേട്: റവന്യൂ റിക്കവറി ഒഴിവാക്കുന്നത് പരിഗണിക്കും

Published

|

Last Updated

തിരുവനന്തപുരം: ഇടുക്കിയിലെ രാമക്കല്‍മേട്ടില്‍ കാറ്റില്‍നിന്ന് വൈദ്യുതിയുത്പാദിപ്പിക്കാന്‍ കെ എസ് ഇ ബി റവന്യൂവകുപ്പില്‍ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിന്മേലുള്ള റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കുന്ന കാര്യം മന്ത്രിസഭായോഗം പരിഗണിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ഇത് സംബന്ധിച്ച യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഈ ഉറപ്പ് നല്‍കിയത്. 149 ഹെക്ടര്‍ ഭൂമിക്ക് ആറുകോടി രൂപയാണ് കെ എസ് ഇ ബി നല്‍കേണ്ടത്.
മാരുതോര്‍ജം ഉത്പാദിപ്പിക്കുന്നതിന് എന്‍ ടി പി സി യുമായി കരാര്‍ ഒപ്പിട്ടെങ്കിലും ഉപകരണങ്ങളും മറ്റും നിര്‍ദിഷ്ട സ്ഥലത്തെത്തിക്കാന്‍ യാത്രാസംവിധാനമില്ലാത്തതിനാല്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിട്ടില്ല. ഊര്‍ജോത്പാദനം ആരംഭിച്ച ശേഷം മാത്രമേ പാട്ടക്കരാര്‍ നടപ്പാക്കാന്‍ കഴിയുകയുള്ളൂ എന്ന് കെ എസ് ഇ ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം ശിവശങ്കര്‍ അഭിപ്രായപ്പെട്ടു. പദ്ധതി പ്രദേശത്തേക്ക് വഴി സൗകര്യമൊരുക്കാന്‍ സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂമന്ത്രി അടൂര്‍പ്രകാശ്, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.