മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ‘കരുതല്‍ 2015’

Posted on: March 5, 2015 6:00 am | Last updated: March 4, 2015 at 11:14 pm
SHARE

oommenchandiതിരുവനന്തപുരം: ജനസമ്പര്‍ക്ക പരിപാടിയുടെ മൂന്നാം ഘട്ടം അടുത്ത മാസം 20ന് തിരുവനന്തപുരത്ത് ആരംഭിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ‘കരുതല്‍ 2015’ എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടി ജൂണ്‍ 11ന് കോട്ടയത്ത് സമാപിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 23ന് എറണാകുളത്തും 27ന് കോഴിക്കോട്ടും 30ന് പത്തനംതിട്ടയിലും പരിപാടി നടക്കും. മെയ് നാലിന്് വയനാടും 11ന് കൊല്ലത്തും 14ന് കാസര്‍കോടും ജനസമ്പര്‍ക്ക പരിപാടി നടക്കും. മലപ്പുറത്ത് മെയ് 18നും ആലപ്പുഴയില്‍ 21നും പാലക്കാട് 25നും ഇടുക്കിയില്‍ 28നുമാണ് പരിപാടി. ജൂണ്‍ നാലിന് തൃശൂരിലും എട്ടിന് കണ്ണൂരും 11ന് കോട്ടയത്തും ജനസമ്പര്‍ക്ക പരിപാടി നടക്കും.
വിഴിഞ്ഞം പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച അദാനി ഗ്രൂപ്പടക്കം അഞ്ച് കമ്പനികളുമായി അടുത്ത മാസം ഒമ്പതിന് മുംബൈയില്‍ പ്രീബിഡ് ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബിഡിന് യോഗ്യത നേടിയ കമ്പനികളുമായാണ് ചര്‍ച്ച നടത്തുക. അഞ്ച് കമ്പനികളില്‍ മൂന്ന് കമ്പനികള്‍ ടെന്‍ഡര്‍ ഫോറം വാങ്ങിയിരുന്നുവെങ്കിലും ആരും ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ബോര്‍ഡ് യോഗം ചേര്‍ന്ന് ടെന്‍ഡര്‍ സമയം നീട്ടി നല്‍ക്കുകയും കമ്പനികളുമായി ചര്‍ച്ചക്ക് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ രണ്ട് കമ്പനികളുമായി ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
കബോട്ടാഷ് നിയമത്തിന്റെ ഇളവുമായി ബന്ധപ്പെട്ട അവ്യക്തതയാണ് പിന്‍മാറ്റത്തിന് കാരണമെന്ന് അദാനി ഗ്രൂപ്പ് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചിട്ടുണ്ട്. മറ്റൊരു കമ്പനിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ട് അവരും അനുകൂലമായാണ് പ്രതികരിച്ചത്.
വിഴിഞ്ഞം പദ്ധതിക്ക് മാതൃകയാക്കുന്ന വല്ലാര്‍പ്പാടം പദ്ധതിയുടെ പരാജയമാണ് കമ്പനികളുടെ പിന്മാറ്റത്തിന് കാരണമെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി തള്ളി. വല്ലാര്‍പ്പാടം ലാഭകരമാകുമെന്നും വിഴിഞ്ഞം പദ്ധതി അതിനെക്കാള്‍ ലാഭകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ നിര്‍മാണം സമയബന്ധിതമായി ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.