ഇളം തലമുറയിലെ ലഹരി ഉപയോഗം

Posted on: March 5, 2015 6:00 am | Last updated: March 4, 2015 at 9:24 pm
SHARE

SIRAJ.......കലാലയങ്ങളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വെളിപ്പെടുത്തല്‍ ഭീതിജനകമാണ്. കലാലയങ്ങള്‍ കേന്ദ്രീകരിച്ചു സംസ്ഥാന വ്യാപകമായി നടന്ന പരിശോധനകളില്‍ 6,736 കേസുകളാണ് ഒമ്പത് മാസത്തിനിടെ റെജിസ്റ്റര്‍ ചെയ്തത്. 30,470 റെയ്ഡുകളിലായി 6587 പേര്‍ പോലീസ് പിടിയിലുമായി. എല്‍ പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ നല്ലൊരു ഭാഗം മദ്യമുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ്. സംസ്ഥാനത്ത് പാന്‍മസാലയുടെയും ഗുഡ്ക്ക വിഭാഗത്തില്‍പ്പെടുന്ന പുകയില ഉത്പന്നങ്ങളുടെയും വില്‍പ്പന നിരോധിച്ചിട്ടുണ്ടെങ്കിലും അനധികൃത വില്‍പ്പന വ്യാപകമാണെന്നും സംസ്ഥാനത്തെ കലാലയങ്ങള്‍ സമ്പൂര്‍ണ ലഹരി വിമുക്തമാക്കുന്നതിനായി ആവിഷ്‌കരിച്ച ‘ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസി’ന്റെ ഭാഗമായി സകൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും നടത്തിയ പരിശോധനകളില്‍ കണ്ടെത്തി.
മക്കളുടെ നല്ല ഭാവിയും സംസ്‌കാര സമ്പന്നതയും ആഗ്രഹിച്ചാണ് രക്ഷിതാക്കള്‍ അവരെ കലാലയങ്ങളിലേക്കയക്കുന്നത്. എന്നാല്‍ എല്ലാ ദുശിച്ച ശീലങ്ങളുടെയും ജീര്‍ണിത സംസ്‌കാരത്തിന്റെയും വക്താക്കളായാണ് നല്ലൊരു പങ്കും തിരിച്ചെത്തുന്നത്. കലാലയങ്ങള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം ലഹരി, ലൈംഗിക റാക്കറ്റുകള്‍ സജീവമാണിന്ന്. പല കഞ്ചാവ് കേസുകളിലും പിടിക്കപ്പെടുന്നത് വിദ്യാര്‍ഥികളാണെന്നതും ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പോലുമുണ്ടെന്നതും ശ്രദ്ധേയമാണ്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി വ്യാപാരത്തിലെ വില്‍പ്പനക്കാരും, ഹോള്‍സെയില്‍ വിതരണക്കാര്‍ പോലും വിദ്യാര്‍ഥികളാണെന്നുള്ള ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയും ഗുരുവായൂരില്‍ ഒരു മുന്‍ കോളജ് യൂനിയന്‍ സെക്രട്ടറിയും കഞ്ചാവു വില്‍പ്പനക്ക് പിടിയിലായത് അടുത്തിടെയാണ്. മയക്കുമരുന്ന് മാഫിയ കച്ചവടത്തിന് വിദ്യാര്‍ഥികളെ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയാണ്.
മാതാപിതാക്കളുടെ അശ്രദ്ധയും സന്താനങ്ങളെ സംബന്ധിച്ച അവരുടെ അതിരുകവിഞ്ഞ ആത്മ വിശ്വാസവുമാണ് വിദ്യാര്‍ഥികള്‍ വഴിതെറ്റുന്നതിന് പ്രധാന കാരണം. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ കുട്ടികള്‍ക്കായി സമയം മാറ്റിവെക്കാന്‍ സാധിക്കാത്ത രക്ഷിതാക്കള്‍ അതിനു പ്രായശ്ചിത്വം തീര്‍ക്കുന്നത് മക്കള്‍ക്ക് നല്ലൊരു സംഖ്യ പോക്കറ്റ് മണി നല്‍കിയാണ്. കുട്ടികള്‍ ഇതെങ്ങനെ ചെലവഴിക്കുന്നുവെന്ന് അവര്‍ അന്വേഷിക്കാറില്ല. അഥവാ കുട്ടികളില്‍ ദുശ്ശീലങ്ങള്‍ കണ്ടുവരുന്നതായി സദുദ്ദേശ്യത്തോടെ ആരെങ്കിലും ഉണര്‍ത്തിയാല്‍ അതുള്‍ക്കൊള്ളാന്‍ പല രക്ഷിതാക്കളും വിമുഖത കാണിക്കുകയും ചെയ്യുന്നു. തങ്ങളുടെ കുട്ടികള്‍ അതൊന്നും ചെയ്യില്ലെന്ന ആത്മവിശ്വാസത്തില്‍ അവര്‍ വഞ്ചിതരാകുകയാണ്.
ഒരു മാസം മുമ്പ് കഞ്ചാവ് പൊതികളുമായി കൊല്ലത്ത് എന്‍ജിനിയറിംഗ് വിദ്യാര്‍ഥി അറസ്റ്റിലായതിനെ തുടര്‍ന്ന് ഒരു പ്രമുഖ കോളജിലെ ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന് കണ്ടെത്തി. ഈ സംഭവത്തിന് ഒന്നര മാസം മുമ്പ് പ്രസ്തുത ക്യാമ്പസില്‍ ലഹരി ഉപയോഗിക്കുന്നതായി സംശയിക്കുന്ന ഏതാനും വിദ്യാര്‍ഥികളുടെ പട്ടിക കോളജ് അധികൃതര്‍ തയ്യാറാക്കുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില രക്ഷിതാക്കള്‍ ഇതംഗീകരിക്കാതെ തങ്ങളുടെ കുട്ടികളെക്കുറിച്ചു ദുരാരോപണം നടത്തുകയാണെന്ന മട്ടില്‍ കോളജ് അധികൃതരോട് ക്ഷുഭിതരാകുകയാണുണ്ടായത്. പിന്നീട് നടന്ന റെയ്ഡില്‍ പ്രസ്തുത കുട്ടികളും പിടിയിലായപ്പോഴാണ് അവര്‍ക്ക് ബോധം വന്നത്.
യുവതലമുറയുടെ ലഹരി ഉപയോഗം മുലം നശിക്കുന്നത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും വലിയ പ്രതീക്ഷകളാണ്. നാളെയുടെ സ്വപ്‌നങ്ങളാണ്. ഒരു തുണ്ട് കയറിലും സാരിത്തുമ്പിലും റെയില്‍ പാളങ്ങളിലും അവസാനിക്കുന്ന ജീവിതങ്ങളില്‍ ഏറെയും ലഹരിയുടെ അടിമകളാണെന്ന വസ്തുത സമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ട്. നിയമം കൊണ്ട് മാത്രം ഇതൊന്നും നിയന്ത്രിക്കാന്‍ സാധിക്കണമെന്നില്ല. സ്‌കൂള്‍ തലം മുതലുള്ള നിരന്തര ബോധവത്കരണം, സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നിരന്തര പ്രചാരണം, വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് സമീപം കലാലയാധികൃതരുടെയും നിയമപാലകരുടെയും സജീവ നിരീക്ഷണം തുടങ്ങി സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഈ വിപത്തിനെ തടയാന്‍ കഴിയൂ. രക്ഷിതാക്കളുടെ നിതാന്ത ജാഗ്രതയും ഇക്കാര്യത്തില്‍ അനിവാര്യമാണ്. സാഹചര്യമാണ് പലപ്പോഴും കുട്ടികളെ തെറ്റിലേക്ക് നയിക്കുന്നത്. അനിയന്ത്രിതമായ കൂട്ടുകെട്ട്, രക്ഷാകര്‍ത്താക്കളുടെ നിയന്ത്രണമില്ലായ്മ, ആവശ്യത്തിലേറെയുള്ള പണം, ഉത്തരവാദിത്വമില്ലായ്മ എന്നിവയൊക്കെയാണ് പുതുതലമുറയിലെ ദുശ്ശീലങ്ങള്‍ക്ക് കാരണമെന്ന വസ്തുത രക്ഷിതാക്കള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.