മുസ്‌ലിംകളെ കുറിച്ച് സമഗ്ര പഠനത്തിന് കമ്മീഷനുമായി തെലങ്കാന സര്‍ക്കാര്‍

Posted on: March 4, 2015 10:55 pm | Last updated: March 4, 2015 at 10:55 pm
SHARE

MUSLIM MINORITYഹൈദരാബാദ്: മുസ്‌ലിംകള്‍ക്കിടയില്‍ പഠനം നടത്താന്‍ തെലങ്കാന സര്‍ക്കാര്‍ പുതിയ കമ്മീഷന്‍ രൂപവത്കരിച്ചു. സംസ്ഥാനത്തെ മുസ്‌ലിംകള്‍ക്കിടയിലെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസപരമായ കാര്യങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനമാണ് കമ്മീഷന്‍ നടത്തുക.
മുസ്‌ലിംകള്‍ക്കാവശ്യമായ സംവരണം നല്‍കുന്നതിനാണ് പഠനം നടത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മുസ്‌ലിംകള്‍ക്കിടയിലെ സാമൂഹികമായ പ്രതിബന്ധങ്ങള്‍ നീക്കം ചെയ്യുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കും. വിദ്യാഭ്യാസ, സാമ്പത്തിക സ്ഥിതികളെ കുറിച്ച് പഠനം നടത്തുകയും വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലും ആവശ്യമായ സംവരണത്തിന് ശിപാര്‍ശയും ചെയ്യും. കമ്മീഷന്റെ അധ്യക്ഷനായി വിരമിച്ച ഐ എ എസ് ഓഫീസര്‍ ജി സുധീറിനെ നിശ്ചയിച്ചു. സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ പുരോഗതി എന്നിവക്ക് പുറമെ സര്‍ക്കാര്‍ സര്‍വീസുകളിലെ മുസ്‌ലിംകളുടെ എണ്ണം, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലകളിലേയും മുസ്‌ലിം പ്രാതിനിധ്യം എന്നിവയും പഠന വിധേയമാക്കും. ആറ് മാസത്തെ കാലാവധിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മീഷന് സര്‍ക്കാര്‍ നലികിയിട്ടുള്ളത്. മുസ്‌ലിംകള്‍ക്കിടയിലെ സാക്ഷരതാ നിരക്ക്, ആരോഗ്യസ്ഥിതി, മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും സ്ഥിതി എന്നിവയും കമ്മീഷന്‍ പരിശോധിക്കും.