വൈദ്യുതി മോഷണത്തിലും ക്രമക്കേടുകളിലും വയനാട് മുന്നില്‍: ഋഷിരാജ് സിംഗ്

Posted on: March 4, 2015 10:36 am | Last updated: March 4, 2015 at 10:36 am
SHARE

rishiraj singh 2കല്‍പ്പറ്റ: സംസ്ഥാനത്ത് നടക്കുന്ന വൈദ്യുതി മോഷണത്തിലും ക്രമക്കേടുകളിലും വയനാട് ജില്ല മുന്‍പന്തിയിലാണെന്ന് കെ എസ് ഇ ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. വയനാട്ടില്‍ കെ എസ് ഇ ബി നടത്തിയ പൊതുജന പരാതി അദാലത്തില്‍ പങ്കെടുത്തശേഷം കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു .
കഴിഞ്ഞ 177 ദിവസത്തിനുള്ളില്‍ പിഴയായി ഈടാക്കിയത് 22.03 കോടി രൂപ. 19320 പരിശോധനകള്‍ നടത്തിയതില്‍ 657 വൈദ്യുതി മോഷണങ്ങളും 2288 മറ്റു ക്രമക്കേടുകളുമാണ് കണ്ടെത്തിയത്. ഓരോ ദിവസവും 3000 മുതല്‍ 4000 ഇന്‍സ്‌പെക്ഷനുകള്‍ നടത്തിയാണ് ഇത്തരം കേസ്സുകള്‍ പിടികൂടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തുകയും ക്രമക്കേടുകള്‍ പിടികൂടുകയും ചെയ്തത് വയനാട് ജില്ലാ സ്‌ക്വാഡാണ്. വൈദ്യുതി മോഷണം, ക്രമക്കേട് എന്നിവയില്‍ നിന്ന് പിഴയായി ഈടാക്കിയത് 136,44,339 രൂപയാണ്. ആറുമാസത്തിനകം 1689 പരിശോധനകള്‍ നടത്തിയതില്‍ മോഷണമുള്‍പ്പെടെ 192 ക്രമക്കേടുകളാണ് കണ്ടെത്തിയത്. മീറ്ററില്‍ കൃത്രിമം കാണിക്കുക, മീറ്ററില്‍ കാന്തം ഘടിപ്പിച്ച് പ്രവര്‍ത്തനം നിര്‍ത്തുക, വൈദ്യുതി പോസ്റ്റില്‍ നിന്നും നേരിട്ട് വൈദ്യുതി എടുക്കുക, ഒരു വീട്ടില്‍ നിന്നും മശറ്റാരു വീട്ടിലേക്ക് വൈദ്യുതി എടുക്കുക, കാര്‍ഷിക ആവശ്യത്തിനോം വീട്ടാവശ്യത്തിനോ എടുത്ത വൈദ്യുതി കണക്ഷന്‍ ബിസിനസ്, വ്യവസായം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക, തുടങ്ങിയവയെല്ലാം വൈദ്യുതി മോഷണത്തില്‍ പെടും. അതിസമ്പന്നരായിട്ടുള്ളവരാണ് വൈദ്യുതി മോഷണം നടത്തുന്നത്.
സാധാരണക്കാര്‍ അപൂര്‍വ്വമായി മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മോഷണം ബോര്‍ഡിനെ അറിയിക്കുന്നവര്‍ക്ക് 50000 രൂപാ വരെ പാരിതോഷികം നല്‍കുന്നതിന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി മോഷണം കണ്ടെത്തുന്നതിനും തടയുന്നതിനുമായി ഓരോ മാസവും ഓരോ ജില്ലകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞായിരിക്കും പരിശോധന നടത്തുക. വൈദ്യുതി പോസ്റ്റുകളില്‍ കേബിളുകള്‍ വലിച്ചുട്ടള്ളവര്‍ ബോര്‍ഡുമായി ധാരണയില്‍ എത്തി ബോണ്ട് വെച്ചില്ലെങ്കില്‍ പിഴ ചുമത്തും.
ഇവര്‍ക്ക് മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അതിനു മുന്‍പ് കേബിളുകള്‍ ഒഴിവാക്കുകയോ, ബോര്‍ഡുമായി ബോണ്ടുവെക്കുകയോ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു. മൂന്നാറില്‍ കെ.എസ്.ഇ.ബി. ബോര്‍ഡിന്റെ നിരവധി ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. അന്വേഷണം ഉടന്‍ പര്‍ത്തിയാക്കി ബോര്‍ഡിന്റെ ഭൂമി തിരിച്ചുപിടിക്കും. ഇടുക്കി തടാകത്തില്‍ കെ.എസ്.ഇ.ബി.യുടെ ഒരു ബോട്ട് അഗ്നിക്കിരയായിട്ടുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തും. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു അദാലത്ത് കെ എസ് ഇ ബി നടത്തുന്നത്. ജില്ലയില്‍ നടന്ന അദാലത്തില്‍ 60 പരാതികള്‍ ലഭിച്ചു.
കൂടുതല്‍ പരാതികളും വോള്‍ട്ടേജ് പ്രശനവുമായി ബന്ധപ്പെട്ടായിരുന്നു. ഒരു ഫേസ് ലൈന്‍ മൂന്ന് ഫേസ് ആക്കണം, ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണം, വൈദ്യുതപോസ്റ്റ് മാറ്റി സ്ഥാപിക്കണം, തുടങ്ങിയ പരാതികളും ഉണ്ടായിരുന്നു. ഒരു അമ്പലത്തിനും ഒരു പള്ളിക്കും വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ലെന്നുള്ള പരാതിയില്‍ ഇവിടേക്ക് താല്‍ക്കാലിക കണക്ഷന്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഴുവന്‍ പരാതികള്‍ക്കും പരിഹാരം കാണുമെന്നും സംസ്ഥാനത്ത് മറ്റു ജില്ലകളിലും അദാലത്ത് നടത്തുമെന്നും ഋഷിരാജ് സിംഗ് അറിയിച്ചു.
കെ എസ് ഇ ബി യുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 9446008006 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കല്‍പ്പറ്റ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എ ഷമീറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.