ടി പി വധം: രാഹുല്‍ പിടിയിലായത് കരിപ്പൂര്‍ വിമാനം ഇറങ്ങിയപ്പോള്‍

Posted on: March 4, 2015 10:00 am | Last updated: March 4, 2015 at 10:00 am
SHARE

വടകര:ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ചോമ്പാല്‍ കുഞ്ഞിപ്പള്ളി നടുവച്ചാല്‍ പരവന്റെ വളപ്പില്‍ രാഹുല്‍(24)പിയിയിലായത്. കരിപ്പുര്‍വിമാനം ഇറങ്ങിയപ്പോള്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കെ. പി സന്തോഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ യായിരുന്നു അറസ്റ്റ്. ടി പി വധത്തിലെ 24ാം പ്രതിയാണ്. മുഖ്യപ്രതികള്‍ക്ക് അഞ്ച് വാളുകള്‍ എത്തിച്ച് കൊടുത്തത് രാഹുലാണെന്നായിരുന്നു കുറ്റപത്രം.
ആയുധങ്ങള്‍ ഒളിപ്പിച്ചതും രാഹുലായിരുന്നു. കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായതോടെ രാഹുല്‍ മസ്‌കത്തിലേക്ക് കടക്കുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ഇന്നലെ നാട്ടിലേക്ക് പുറപ്പെട്ടതും പോലീസിന്റെ വലയിലായതും.
2012 മെയ് നാലിനാണ് ടി പിയെ ഇന്നോവ കാറിലെത്തിയ അക്രമിസംഘം വള്ളിക്കാട് വെച്ച് ബൈക്കില്‍ കാറിടിച്ച് ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടിക്കൊന്നത്. കൊലക്ക് ശേഷം കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും മുഖ്യപ്രതികളേയും പ്രതികള്‍ക്ക് സഹായം നല്‍കിയതടക്കമുള്ള 69 പേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പന്ത്രണ്ടി പ്രതികളെയാണ് ടി പി കേസ് വിചാരണ നടന്ന കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. കേസ് വിചാരണ മുമ്പ് തന്നെ ഇരുപതോളം പേരെ കോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയുരന്നു. തെളിവുകള്‍ ഇല്ലാത്തതിന്റെ പേരില്‍ മറ്റു പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ഇവരെ വെറുതെ വിട്ടയക്കുകയായിരുന്നു. ഇന്നലെ രാത്രി വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം ശുഐബിന്റെ വസതിയില്‍ ഹാജരാക്കിയ രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടാന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് ഡി വൈ എസ് പി. കെ പി സുരഷ് പറഞ്ഞു.