ചെറുപുഴയില്‍ മണല്‍ കൊള്ള; പ്രദേശത്ത് കുടിവെള്ളം വറ്റുന്നു

Posted on: March 4, 2015 9:55 am | Last updated: March 4, 2015 at 9:55 am
SHARE

കൊടുവള്ളി: ചെറുപുഴയില്‍ വിവിധ കടവുകളില്‍ രാപകല്‍ ഭേദമില്ലാതെ മണല്‍വാരലും കടത്തിക്കൊണ്ടുപോകലും വ്യാപകം. ഇത് മൂലം പുഴയോര വീടുകളിലെ കിണറുകളും കുടിവെള്ള പദ്ധതിയുടെ നിരവധി കിണറുകളിലും ജലവിതാനം ഗണ്യമായി താഴ്ന്നു. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുകയാണ്.
തലപ്പെരുമണ്ണ, കുറുങ്ങാട്ടക്കടവ്, തോട്ടത്തില്‍ കടവ്, മൊയോട്ടക്കടവ്, ചിരുണ്ടിക്കടവ്, വെളുത്തേടത്ത് കടവ്, മാതോലത്ത് കടവ്, മുങ്ങുപാലത്തിങ്ങല്‍ കടവ്, നടമ്മല്‍ കടവ്, മാനിപുരം കടവ്, കളരാന്തിരികടമ്പ് എന്നിവടങ്ങളിലാണ് മണല്‍ വാരല്‍ രൂക്ഷമായതായി പരാതിയുയര്‍ന്നിരിക്കുന്നത്.
കുറുങ്ങാട്ടക്കടവ് പാലത്തിനും മൊയോട്ട കടവ് പാലത്തും ഇടയില്‍ വെള്ളം കൂടുതലുള്ള ഭാഗങ്ങളില്‍ ട്യൂബ് ഉപയോഗിച്ച് വെള്ളത്തില്‍ മുങ്ങിയാണ് മണലൂറ്റല്‍ നടക്കുന്നത്. മണലൂറ്റല്‍ അധികമായി നടക്കുന്ന ഈ ഭാഗങ്ങളില്‍ പുഴയില്‍ വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് പുഴയില്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വരുന്നവര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. യാതൊരു ഭയവും കൂടാതെ പട്ടാപ്പകല്‍ പോലും മണല്‍ വാരല്‍ നടക്കുന്നുണ്ട്. പകല്‍ നേരത്ത് വാരി ട്യൂബുകളിലാക്കി കരയിലെത്തിക്കുന്ന മണല്‍ രാത്രിയില്‍ ചാക്കുകളില്‍ നിറച്ച് ഗുഡ്‌സ് ഓട്ടോകളിലും ജീപ്പുകളിലുമായി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. സ്‌കൂള്‍ കുട്ടികളും മുതിര്‍ന്നവരും മണല്‍ വാരലില്‍ സജീവമാണ്. നിര്‍മാണ മേഖലയില്‍ മണല്‍ക്ഷാമം രൂക്ഷമായതിനാല്‍ വന്‍ തുക നല്‍കിയാണ് ഇവരില്‍ നിന്ന് മണല്‍ വാങ്ങുന്നത്.
ചെറുപുഴയില്‍ വര്‍ഷങ്ങളായി നിര്‍ബാധം തുടരുന്ന മണല്‍വാരല്‍ പുഴയുടെ പ്രകൃതിഭംഗി നശിക്കുന്നതിനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. പുഴയുടെ കരയില്‍ നിരവധി ജലനിധി കുടിവെള്ള പദ്ധതി കിണറുകളും നടമ്മല്‍ കടവില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതി കിണറും പമ്പ് ഹൗസുമുണ്ട്.