ഭവനരഹിതരായ ബോര്‍ഡ് അംഗങ്ങള്‍ക്ക് ‘അഭയം’പദ്ധതി നടപ്പാക്കുന്നു

Posted on: March 4, 2015 5:02 am | Last updated: March 4, 2015 at 12:03 am
SHARE

തിരുവനന്തപുരം: ഭവനരഹിതരായ ബോര്‍ഡ് അംഗങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ‘അഭയം’ പദ്ധതി നടപ്പാക്കുന്നു. ആദ്യഘട്ടം മൂന്ന് ലക്ഷം രൂപ വീതം 1000 പേര്‍ക്കുവീടിന് ധനസഹായം നല്‍കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ ചന്ദ്രബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബോര്‍ഡിന്റെ 2015-16 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഈ തുക വകയിരിത്തിയിട്ടുണ്ട്. കൂടാതെ ക്യാന്‍സര്‍ രോഗികളായ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യ നിരക്കിലും, മറ്റ് ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് മിതമായ നിരക്കില്‍ ചികിത്സ നടത്തുന്നതിന് തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ന്യൂക്ലിയര്‍ മെഡിസിന്‍സ്‌സ്‌പെഷ്യാലിറ്റി ബ്ലോക്ക് സ്ഥാപിക്കുന്നതിനും ഈ വര്‍ഷത്തെ ബജറ്റില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമേ വര്‍ഷങ്ങളായി നല്‍കി വരുന്ന ധനസഹായങ്ങള്‍ വര്‍ധിപ്പിക്കാനും ബോര്‍ഡ് തീരുമാനിച്ചു. അതിന്റെ അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായമായി നിലവില്‍ 400 രപ മുതല്‍ 5,000 രുപ വരെ നല്‍കി വരുന്നു. എസ് എസ് എല്‍ സി പഠനസഹായം 400 രൂപയില്‍ നിന്നും 1000 രുപയായി വര്‍ധിപ്പിക്കും. കൂടാതെ മറ്റ് കോഴ്‌സുകള്‍ക്കുള്ള ധനസഹായവും ആനുപാതികമായി വര്‍ധിപ്പിക്കുന്നതിന് 2015-16 ബജറ്റില്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്വന്തമായി സോഫ്റ്റ്‌വേര്‍ നിര്‍മിച്ച് കമ്പ്യൂട്ടര്‍ വത്കരണത്തിലൂടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ബജറ്റില്‍ തുക നീക്കി വെച്ചിട്ടുണ്ട്. ബോര്‍ഡിന്റെ പ്രവര്‍ത്തനം 25 വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ നടപ്പു വര്‍ഷം രജതജൂബലി വര്‍ഷമായി ആചരിക്കും. അതിന്റെ ഭാഗമായി ദേശീയ സെമിനാറുകള്‍, മെഡിക്കള്‍ ക്യാമ്പുകള്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചന്ദ്രബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.