ഇറാന്‍- അമേരിക്ക ബന്ധവും ഇസ്‌റാഈലും

Posted on: March 4, 2015 6:00 am | Last updated: March 3, 2015 at 10:51 pm
SHARE

SIRAJ.......ആണവ പരീക്ഷണം സംബന്ധിച്ച് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ സംഘവും ഇറാനും തമ്മിലുള്ള ചര്‍ച്ച അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ആറു രാഷ്ട്ര ചര്‍ച്ച അവസാന ഘട്ടത്തിലെത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അന്തിമ തീര്‍പ്പിലെത്തുന്നില്ല കാര്യങ്ങള്‍. ഇറാന്‍ ആണവ പരീക്ഷണം നടത്തുന്നത് ആയുധ ആവശ്യത്തിനാണെന്ന അടിസ്ഥാന ആരോപണത്തില്‍ ഇന്നും പാശ്ചാത്യ ശക്തികള്‍ ഉറച്ച് നില്‍ക്കുന്നു. ഇറാനാകട്ടെ, ആണവ പരീക്ഷണം തങ്ങളുടെ നിയമപരമായ ആവശ്യമാണെന്ന നിലപാട് ആവര്‍ത്തിക്കുന്നു. ആയുധത്തിനല്ല, ഊര്‍ജാവശ്യത്തിനാണ് ആണവ സമ്പുഷ്ടീകരണമെന്ന് അവര്‍ ആണയിടുന്നു. കര്‍ക്കശക്കാരനായ അഹ്മദി നജാദ് പ്രസിഡന്റ്പദം ഒഴിഞ്ഞ് ഹസന്‍ റൂഹാനി ആ സ്ഥാനത്ത് വന്നപ്പോള്‍ ദിവസങ്ങള്‍ക്കകം പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പറയപ്പെട്ടിരുന്നത്. എന്നാല്‍ സമവായം ഇപ്പോഴും അകലെയാണ്. ഇറാന്‍ ഇന്നും കടുത്ത ഉപരോധം അനുഭവിക്കുന്നു. അവരുടെ സ്വത്ത് വകകള്‍ വലിയ തോതില്‍ മരവിപ്പിക്കപ്പെട്ട നിലയിലാണ്. എണ്ണ സമ്പത്ത് നേരാം വണ്ണം വിപണനം നടത്താന്‍ സാധിക്കാത്തത് ആ രാജ്യത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഏത് വിധ പരിശോധനക്കും വിധേയമായി ആണവ പ്രശ്‌നത്തില്‍ പാശ്ചാത്യ ശക്തികളുമായി ഇറാന്‍ നീക്കു പോക്കിന് ശ്രമിക്കുന്നത്.
ഇറാന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ തടയിടുന്നത് ഇസ്‌റാഈലിന്റെ ലോബീംഗാണ്. ഇറാനെ ആണവപരീക്ഷണത്തിന് അനുവദിച്ചാല്‍ മേഖലയുടെ സ്വാസ്ഥ്യം തകരുമെന്ന് അവര്‍ മുറവിളികൂട്ടുന്നു. അമേരിക്കക്ക് മേല്‍ ജൂതരാഷ്ട്രത്തിന് എക്കാലത്തുമുള്ള സ്വാധീനം അവര്‍ ഈ മിഥ്യാധാരണ പരത്താനായി ഫലപ്രദമായി ഉപയോഗിക്കുന്നു. ജൂതരാഷ്ട്രത്തിന്റെ കുടിയിരിപ്പ് തൊട്ട് അവയോട് അനുഭാവം പ്രകടിപ്പിക്കുന്ന മറ്റ് വന്‍ ശക്തികള്‍ക്കും മറുത്തൊന്നും പറയാനാകുന്നില്ല. ഫലത്തില്‍ ഇസ്‌റാഈല്‍ പറയുന്നിടത്താണ് എല്ലാ ചര്‍ച്ചകളും ചെന്ന് വഴി മുട്ടി നില്‍ക്കുന്നത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെക്കാത്ത, സ്വയം ആണവശക്തിയായ ഇസ്‌റാഈലാണ് ഇറാനെ തടയാനിറങ്ങുന്നതെന്നോര്‍ക്കണം.
ഇതിനിടക്കാണ് യു എസ് പ്രസിഡന്റ് ബരാക് ഒബാമയും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കൊമ്പു കോര്‍ക്കുന്നുവെന്ന തരത്തില്‍ വാര്‍ത്ത വരുന്നത്. നെതന്യാഹുവിനെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കാന്‍ ക്ഷണിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ സ്പീക്കറാണ്. നെതന്യാഹു അവിടെ നടത്തിയതാകട്ടേ ബരാക് ഒബാമക്കെതിരായ രൂക്ഷ വിമര്‍ശവും. ഇറാനെ ആണവ ശക്തിയാക്കാനാണ് പ്രസിഡന്റിന്റെ ശ്രമമെന്ന് വരെ നെതന്യാഹു പറഞ്ഞു. അമേരിക്കയില്‍ മാത്രമല്ല, ഇസ്‌റാഈലിലും വലിയ ഒച്ചപ്പാടിന് തിരികൊളുത്തിയിരിക്കുന്നു നെതന്യാഹുവിന്റെ വാക്കുകള്‍. അമേരിക്കയും ഇസ്‌റാഈലും രണ്ടു വഴിക്കെന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. സത്യത്തില്‍ ആണവ ചര്‍ച്ചകളെ അട്ടിമറിക്കുകയാണ് ഈ നാടകങ്ങളുടെ ലക്ഷ്യം. ഒബാമയെ സമ്മര്‍ദത്തിലാക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ നെതന്യാഹുവിനെ ഉപയോഗിക്കുന്നു. ഇസ്‌റാഈലില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, താന്‍ തന്നെയാണ് തീവ്രവലതുപക്ഷ നിലപാടുകളുടെ അന്തിമ വാക്കെന്ന് പ്രഖ്യാപിക്കാന്‍ നെതന്യാഹുവിന് ഈ വിവാദം അവസരം നല്‍കുന്നു. പരസ്പര സഹായ സംരംഭം.
ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയില്‍ ഇറാന്റെ ചില നയവൈകല്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ഇസിലിനെതിരെ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ഇറാന്‍. എന്നുവെച്ചാല്‍ ആണവ പ്രശ്‌നമടക്കമുള്ള വിഷയങ്ങളില്‍ അമേരിക്കയുമായുള്ള അകല്‍ച്ച ഇസില്‍വിരുദ്ധ സൗഹൃദം കൊണ്ട് പരിഹരിക്കാമെന്നാണ് ലാക്ക്. സാമ്രാജ്യത്വത്തിന്റെ വംശീയ വിഭജന തന്ത്രങ്ങള്‍ക്ക് വളം വെച്ച് കൊടുക്കുകയാണ് ഇതുവഴി ഇറാന്‍ ചെയ്യുന്നത്. സിറിയയില്‍ അസദിനെ സംരക്ഷിക്കുന്നതും ഇറാനാണ്. ബഹ്‌റൈനില്‍ ശിയാ പ്രക്ഷോഭകര്‍ നടത്തിയ നീക്കങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായത് ഇറാന്റെ സ്വാധീനം വ്യാപിക്കുന്നത് കണ്ട് കൊണ്ടു തന്നെയാണ്. യമനില്‍ ഹൂത്തി തീവ്രവാദികള്‍ക്ക് പിന്നില്‍ ഇറാനാണെന്ന വികാരവും ശക്തമാണ്.
സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണ് ഭീകരവാദ പ്രതിസന്ധി. അത് പരിഹരിക്കാന്‍ ഇറാനെ കൂട്ടുപിടിക്കുമ്പോള്‍ അവര്‍ ആ ദൗത്യത്തിന് വംശീയ നിറം നല്‍കുകയാണ്. മേഖലയില്‍ അശാന്തി പടര്‍ത്തുന്നതിനും അനൈക്യം വിതക്കുന്നതിനും മാത്രമേ ഇത് ഉപകരിക്കൂ. അത്‌കൊണ്ട് ഇറാന്റെ ആണവ അവകാശവും ഇസില്‍വിരുദ്ധ ദൗത്യവും കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. യു എസും ഇസ്‌റാഈലും ഭിന്നതാ നാടകം കളിക്കുകയും വേണ്ട. അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുകയും അവയ്ക്ക് സ്വയം നിര്‍ണയാവകാശം വകവെച്ച് കൊടുക്കുകയുമാണ് ഭീകരവാദികളെ നിലക്ക് നിര്‍ത്താന്‍ ചെയ്യേണ്ടത്.